പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടന്ന സമയത്ത് ഇറാന്റെ ആക്രമണ ഭീഷണി മറികടന്ന് ഗൾഫ് മേഖലയിൽ നിന്ന് വൻതോതിൽ എണ്ണ നീക്കാൻ അമേരിക്ക രഹസ്യ തന്ത്രം ഉപയോഗിച്ചതായി റിപ്പോർട്ട്. ഇറാൻ വർഷങ്ങളായി ഉപരോധം മറികടക്കാൻ ഉപയോഗിച്ചിരുന്ന കപ്പലിൽ നിന്ന് കപ്പലിലേക്കുള്ള (Ship-to-Ship) എണ്ണ കൈമാറ്റ രീതിയാണ് അമേരിക്കയും സ്വീകരിച്ചത്.
റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, ഈ ദൗത്യത്തിൽ കടലിലും ആകാശത്തുമുള്ള ഡ്രോണുകളെ സുരക്ഷയ്ക്കായി വിന്യസിച്ചു. കൂടാതെ നിരവധി ടാങ്കർ കപ്പലുകൾ തമ്മിലുള്ള രഹസ്യ കൈമാറ്റ സംവിധാനത്തിലൂടെയാണ് എണ്ണ കൊണ്ടുപോയത്. മെയ് മാസത്തിന്റെ തുടക്കത്തിൽ ആരംഭിച്ച ഈ ഓപ്പറേഷനിൽ ഇതുവരെ 92 കപ്പലുകൾ പങ്കെടുത്തിട്ടുണ്ട്. ഇറാന്റെ ഉപരോധം നിലനിന്നിട്ടും ഗൾഫ് മേഖലയിൽ നിന്നുള്ള ഊർജ കയറ്റുമതി തുടരാൻ അമേരിക്കൻ സൈന്യമാണ് മുഴുവൻ പ്രവർത്തനത്തിനും മേൽനോട്ടം വഹിച്ചതെന്നാണ് റിപ്പോർട്ട്.
ലോകത്തിലെ എണ്ണ ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്ന് സാധാരണയായി കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ആഗോള എണ്ണ ഗതാഗതത്തിന് വലിയ തോതിൽ അടഞ്ഞ നിലയിലായിരുന്നു. എന്നാൽ ഈ സാഹചര്യത്തിലും അമേരിക്കൻ സൈന്യം എണ്ണ കൈമാറ്റം തുടർന്നു. ജൂൺ 11-ന് ഒമാനിലെ സോഹാർ തുറമുഖത്തിന് സമീപവും യുഎഇയിലെ ഫുജൈറ തീരപ്രദേശത്തിനടുത്തുമായി ഒരേസമയം നിരവധി കപ്പലുകൾ എണ്ണ കൈമാറ്റം നടത്തിയതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
പ്രവർത്തനത്തിനിടെ ടാങ്കറുകൾ ഹോർമുസിന് സമീപമെത്തുമ്പോൾ തിരിച്ചറിയൽ ഉപകരണങ്ങളായ ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്യുകയും കപ്പലുകളിലെ ലൈറ്റുകൾ മങ്ങിക്കുകയും ചെയ്തു. തുടർന്ന് അവ വൻ എണ്ണക്കപ്പലുകളായ വിഎൽസിസികളിലേക്ക് (VLCC) എണ്ണ മാറ്റി. ഈ പ്രക്രിയയ്ക്ക് 24 മുതൽ 40 മണിക്കൂർ വരെ സമയമെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. സാധാരണയായി ഇറാൻ ഉപരോധങ്ങൾ മറികടക്കാൻ ചെറിയ തോതിൽ ഇത്തരം കൈമാറ്റങ്ങൾ നടത്തിയിരുന്നെങ്കിലും, അമേരിക്ക വൻതോതിലുള്ള കൂട്ട ഓപ്പറേഷനാണ് നടത്തിയത്. ഇതിലൂടെ പ്രതികാര ആക്രമണങ്ങളിൽ നിന്ന് കൂടുതൽ സുരക്ഷ ഉറപ്പാക്കാനും കൂടുതൽ എണ്ണ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കാനും കഴിഞ്ഞു.
ഈ ദൗത്യവുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ജൂൺ 9-ന് ഹോർമുസ് കടലിടുക്കിന് മുകളിൽ തകർന്നുവീണ അമേരിക്കൻ ആർമിയുടെ അപ്പാച്ചി ഹെലികോപ്റ്ററിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് ഇറാനെ കുറ്റപ്പെടുത്തി. എന്നാൽ അത് മനപ്പൂർവമല്ലാത്ത സംഭവമായിരിക്കാമെന്ന് ഇറാൻ പ്രതികരിച്ചു. മെയ് മുതൽ ഇതുവരെ ഈ രഹസ്യ സമുദ്ര ശൃംഖലയിലൂടെ കുറഞ്ഞത് 9 കോടി ബാരൽ ക്രൂഡ് ഓയിലും പെട്രോളിയം ഉൽപ്പന്നങ്ങളും നീക്കിയതായാണ് റോയിട്ടേഴ്സിന്റെ കണക്ക്. എങ്കിലും യുദ്ധത്തിന് മുമ്പ് ഹോർമുസ് കടലിടുക്കിലൂടെ പ്രതിദിനം കടന്നുപോയിരുന്ന ഏകദേശം 2 കോടി ബാരൽ എണ്ണയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.
അതേസമയം, അമേരിക്കയും ഇറാനും സമാധാന ചട്ടക്കൂട് കരാറിൽ ധാരണയിലെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച മുതൽ ഹോർമുസ് കടലിടുക്ക് ആഗോള എണ്ണ വ്യാപാരത്തിനായി വീണ്ടും തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.









