മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിജീവിച്ച ശ്രുതി പുതിയ ജീവിതത്തിലേക്ക്; മാനന്തവാടി സ്വദേശി സന്ദീപുമായുള്ള വിവാഹം ഗുരുവായൂരിൽ നടന്നു

തൃശൂര്‍: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിജീവിച്ച ശ്രുതി പുതിയ ജീവിതത്തിലേക്ക്. ഗുരുവായൂരില്‍ വെച്ച് വയനാട് കളക്ട്രേറ്റിലെ ജീവനക്കാരനായ മാനന്തവാടി സ്വദേശി സന്ദീപുമായുള്ള വിവാഹം നടന്നു. മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ രാജന്‍ വിവാഹത്തില്‍ മുഖ്യ സാന്നിധ്യമായി. എല്ലാം അറിഞ്ഞ് കൈപിടിച്ച ആളാണ് സന്ദീപ് എന്നും തുടര്‍ ജീവിതത്തില്‍ സന്തോഷമുണ്ടാകുമെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ശ്രുതിയും പുതിയ തുടക്കമാണെന്നും എല്ലാം മംഗളമാകട്ടെയെന്നും സന്ദീപും മാധ്യമങ്ങളോട് പ്രതികരിച്ചു.

പല ഘട്ടങ്ങളിലും കലങ്ങിയ കണ്ണുകളോടെ മാത്രം കണ്ടിട്ടുള്ള ശ്രുതി സന്തോഷത്തോടെ പുതുജീവിതത്തിലേക്ക് കടക്കുന്നത് മലയാളക്കരയ്ക്കാകെ ആനന്ദക്കാഴ്ചയാണ്. ശ്രുതിയെ എല്ലാ ഘട്ടങ്ങളിലും ചേര്‍ത്തുപിടിച്ചിരുന്നുവെന്നും ഈ മുഹൂര്‍ത്തത്തിലും ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും മുൻ മന്ത്രിയും എംഎൽഎയുമായ കെ രാജന്‍ പറഞ്ഞു.

2024 ജൂലൈ മുപ്പതിന് നടന്ന മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെയായിരുന്നു നഷ്ടമായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നതിനാൽ ശ്രുതി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ തളര്‍ന്ന ശ്രുതിക്ക് കൈത്താങ്ങായത് അന്ന് പ്രതിശ്രുത വരനായ അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശിയായ ജെന്‍സനായിരുന്നു.

മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം 2024 ഡിസംബറില്‍ വിവാഹം ലളിതമായി നടത്താനിരിക്കെ 2024 സെപ്റ്റബംര്‍ 10 ന് നടന്ന വാഹനാപകടത്തില്‍ ജെന്‍സന്‍ മരിച്ചു. ജെന്‍സനൊപ്പം ശ്രുതിയും കുടുംബാംഗങ്ങളുമുണ്ടായിരുന്നു. അപകടത്തില്‍ ശ്രുതിക്ക് സാരമായ പരിക്കേറ്റിരുന്നു. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് അന്നത്തെ മന്ത്രിയായിരുന്ന കെ രാജന്‍ ഉറപ്പ് നല്‍കുകയും റവന്യു വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കുകയും ചെയ്തിരുന്നു.

Shruthi, a survivor of the Mundakkai-Chooralmala disaster, begins a new chapter in her life; her wedding to Sandeep, a native of Mananthavady, took place at Guruvayur.

More Stories from this section

family-dental
witywide