ഹൈക്കമാൻഡിൻ്റെ നിർദേശം നിരസിച്ച് സിദ്ധരാമയ്യ; രാജ്യസഭയിലേക്കില്ല, എംഎൽഎ ആയി തുടരും

ബെംഗളൂരു: ഹൈക്കമാൻഡിൻ്റെ നിർദേശം നിരസിച്ച് സിദ്ധരാമയ്യ. രാജ്യസഭയിലേക്ക് പോകുന്നതിന് പകരം ഒരു എംഎൽഎ ആയി കർണാടക രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡിൻ്റെ നിർദേശ പ്രകാരമായിരുന്നു സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

“കോൺഗ്രസ് ഹൈക്കമാൻഡ് ഡികെഎസിനെ (ഡി.കെ ശിവകുമാർ) അടുത്ത മുഖ്യമന്ത്രിയായി നിർദേശിച്ചു. ഞാൻ അതിന് സമ്മതിച്ചു”, വ്യാഴാഴ്‌ച സ്വന്തം വസതിയിൽ ഒരുക്കിയ പ്രഭാതഭക്ഷണ വിരുന്നിനിടെ സിദ്ധരാമയ്യ പറഞ്ഞു. അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെ നിയമിക്കുന്നതിൽ തനിക്ക് സമ്മതമാണെന്നും അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

വ്യാഴാഴ്ച ലോക്‌ഭവനിലെത്തിയാണ് സിദ്ധരാമയ്യ ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ഗവർണർ താവർ ചന്ദ് ഗഫ്ലോത് നിലവിൽ കുടുംബപരമായ ആവശ്യങ്ങൾക്കായി മധ്യപ്രദേശിലായതിനാൽ അദ്ദേഹം മടങ്ങിയെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും.

അതേസമയം, സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നേക്കും. ഇതിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും.

Siddaramaiah rejects high command’s suggestion; will not enter Rajya Sabha, will remain as MLA

More Stories from this section

family-dental
witywide