കാവേരി ജലത്തർക്കം: 11 ടിഎംസി വെള്ളം വിട്ടുനൽകണമെന്ന തമിഴ്നാടിന്‍റെ അപേക്ഷകൾ തള്ളി സുപ്രീംകോടതി; പരിഹാസവുമായി ബെഞ്ച്

ന്യൂഡൽഹി: കാവേരി നദിയിൽനിന്ന് 11 ടിഎംസി വെള്ളം വിട്ടുനൽകാൻ കർണാടകയ്ക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച രണ്ട് അപേക്ഷകൾ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഇതിനിടെ, തമിഴ്നാട് അതേ വിഷയത്തിൽ മൂന്നാമതൊരു അപേക്ഷ കൂടി സമർപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അതും തള്ളുമെന്ന് വാക്കാൽ വ്യക്തമാക്കി. അഭിഭാഷകർക്കായി ചെലവഴിക്കാൻ തമിഴ്നാട് സർക്കാരിന്റെ കൈവശം ധാരാളം പണമുണ്ടെന്ന് തോന്നുന്നുവെന്നായിരുന്നു ജസ്റ്റിസ് വിക്രം നാഥിന്റെ പരിഹാസം.

കർണാടക-തമിഴ്നാട് അതിർത്തിയിലെ പ്രധാന ജലമാപന കേന്ദ്രമായ ബില്ലിഗുണ്ടുലുവിൽ ഒക്ടോബർ ആറുവരെയുണ്ടായ ജലലഭ്യതയിലെ കുറവ് നികത്തണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. ഇതിനായി പത്തുദിവസത്തേക്ക് പ്രതിദിനം 1.3 ടിഎംസി വെള്ളം വീതം കർണാടക വിട്ടുനൽകണമെന്ന് നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.

ഹർജികൾ തള്ളിക്കൊണ്ട് ഉത്തരവ് വായിക്കുന്നതിനിടെയാണ് തമിഴ്നാട് സർക്കാർ അന്നേദിവസം തന്നെ മറ്റൊരു അപേക്ഷ കൂടി നൽകിയിട്ടുണ്ടെന്ന് ജസ്റ്റിസ് വിക്രം നാഥ് ചൂണ്ടിക്കാട്ടിയത്. നിലവിലെ അപേക്ഷ തള്ളിയതായും പുതിയ അപേക്ഷയും തള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാമത്തെ അപേക്ഷയും തള്ളുമെന്ന് കോടതി അറിയിച്ചതോടെ, അതിൽ വാദം കേൾക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു.

കർഷകർക്ക് ജലക്ഷാമമെന്ന് തമിഴ്നാടിന്‍റെ വാദം

സംസ്ഥാനത്തെ ജലസംഭരണികളിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും കർണാടക അർഹമായ വിഹിതം വിട്ടുനൽകുന്നില്ലെന്നാണ് തമിഴ്നാടിന്റെ ആരോപണം. ഇതുമൂലം സംസ്ഥാനത്തെ കർഷകർ കടുത്ത ജലക്ഷാമം നേരിടുകയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് ആവർത്തിച്ച് സുപ്രീംകോടതിയെ സമീപിക്കുന്നത്.

ഒക്ടോബർ ആറുവരെയുള്ള കണക്കനുസരിച്ച് ബില്ലിഗുണ്ടുലുവിൽ 11.719 ടിഎംസി വെള്ളത്തിന്റെ കുറവുണ്ടെന്നാണ് പുതിയ ഹർജിയിൽ തമിഴ്നാട് വ്യക്തമാക്കിയത്. ഇരു സംസ്ഥാനങ്ങളും പങ്കിടുന്ന സംയുക്ത ജലസംഭരണികളിൽ ഏകദേശം 49 ടിഎംസി വെള്ളം ഉണ്ടായിരുന്നിട്ടും കർണാടക ജലം വിട്ടുനൽകാതെ തടഞ്ഞുവെക്കുകയാണെന്നും തമിഴ്നാട് കോടതിയിൽ വാദിച്ചിരുന്നു.

More Stories from this section

family-dental
witywide