എസ്ഐആറിൽ വൻ വെട്ടിനിരത്തൽ, കർണാടകയിൽ 99.32 ലക്ഷം വോട്ടർമാർ കുറഞ്ഞു; അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു, വിവാദം കത്തുന്നു

ബെംഗളൂരു: കർണാടകയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) മുമ്പ് 5,54,32,314 വോട്ടർമാരുണ്ടായിരുന്ന സംസ്ഥാനത്ത് പുതിയ പട്ടികയിൽ ആകെ വോട്ടർമാരുടെ എണ്ണം 4,55,00,011 ആയി കുറഞ്ഞു. ഏകദേശം 99.32 ലക്ഷം പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട ഒരു കോടിയിലധികം പേരിൽ 8.64 ലക്ഷം പുതിയ വോട്ടർമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മണ്ഡലം തിരിച്ചുള്ള വോട്ടർ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. പുതിയ കണക്കുകൾ പ്രകാരം പട്ടികയിൽ 2.25 കോടിയിലധികം പുരുഷ വോട്ടർമാരും 2.29 കോടിയിലധികം സ്ത്രീ വോട്ടർമാരും 2,841 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. 18നും 19നും ഇടയിൽ പ്രായമുള്ള 6.83 ലക്ഷത്തിലധികം യുവ വോട്ടർമാരും 85 വയസ്സിനു മുകളിലുള്ള 3.92 ലക്ഷത്തിലധികം വോട്ടർമാരും പട്ടികയിലുണ്ട്.

വിലാസം മാറിയവർ, കണ്ടെത്താനാകാത്തവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട 80.62 ലക്ഷം പേരെയാണ് കരട് പട്ടികയിൽനിന്ന് പ്രധാനമായും ഒഴിവാക്കിയത്. മരിച്ചതായി രേഖപ്പെടുത്തിയ 16.39 ലക്ഷം പേരുടെയും ഇരട്ട വോട്ടുകളുള്ള ഏഴു ലക്ഷത്തോളം പേരുടെയും മറ്റ് വിഭാഗങ്ങളിൽപ്പെട്ട 3.83 ലക്ഷം പേരുടെയും പേരുകളും പട്ടികയിൽനിന്ന് നീക്കിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ സ്വന്തം പേരുണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക പോർട്ടലിലൂടെ വോട്ടർമാർക്ക് പരിശോധിക്കാം.

More Stories from this section

family-dental
witywide