
ബെംഗളൂരു: കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് വൻ രാഷ്ട്രീയ ഗൂഢാലോചനയും സ്റ്റീംഗ് ഓപ്പറേഷൻ ശ്രമങ്ങളും നടക്കുന്നതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്ഫോടനാത്മക വെളിപ്പെടുത്തൽ. തനിക്കെതിരെയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും സമാനമായ രീതിയിൽ കെണിയൊരുക്കാൻ ശ്രമം നടന്നതായി കന്നഡ വാർത്താ ചാനലായ ഏഷ്യാനെറ്റ് സുവർണ്ണ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം ആരോപിച്ചു.
ഔദ്യോഗിക അനുമതിയോടെ തന്നെ കാണാനെത്തിയ ഒരു പ്രമുഖ വ്യവസായിയാണ് അത്യാധുനിക സാങ്കേതികവിദ്യയുള്ള ‘മെറ്റാ സ്മാർട്ട് ഗ്ലാസ്’ ധരിച്ച് രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമിച്ചതെന്നാണ് ശിവകുമാർ വ്യക്തമാക്കിയത്. ആദ്യം ബിസിനസ് കാര്യങ്ങൾ സംസാരിച്ച സന്ദർശകൻ, പെട്ടെന്ന് സംഭാഷണം രാഷ്ട്രീയത്തിലേക്കും ബൂത്ത് തല തന്ത്രങ്ങളിലേക്കും മാറ്റിയതോടെയാണ് തനിക്ക് സംശയം തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു.
സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ വഴി ഈ വ്യവസായിയുടെ നീക്കങ്ങളെക്കുറിച്ച് രഹസ്യ അന്വേഷണം നടത്തിയതായും ഡി.കെ. ശിവകുമാർ വെളിപ്പെടുത്തി. ഈ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതേ സന്ദർശകൻ കേരളത്തിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടപ്പോഴും ഈ രഹസ്യ ക്യാമറ കണ്ണട ധരിച്ചിരുന്നു. എന്നാൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഒരു പ്രമുഖ കേന്ദ്രമന്ത്രി എന്നിവരെ സന്ദർശിച്ചപ്പോൾ ഇയാൾ ഈ കണ്ണട ഉപയോഗിച്ചിരുന്നില്ല. കോൺഗ്രസ് നേതാക്കളെ മാത്രം കുടുക്കാനാണ് ഈ നീക്കമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഈ കെണിക്ക് പിന്നിൽ ആരാണെന്ന കൃത്യമായ വിവരങ്ങളും വ്യക്തമായ തെളിവുകളും തന്റെ പക്കലുണ്ടെന്ന് കർണാടക അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ സന്ദർശകന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇപ്പോൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല. “ആവശ്യമായ മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. എല്ലാ രേഖകളും സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. ശരിയായ സമയം വരുമ്പോൾ എല്ലാം പരസ്യമാക്കും,” ശിവകുമാർ പറഞ്ഞു.
ഫോൺ കോളുകൾ വഴിയും പേഴ്സണൽ അസിസ്റ്റന്റുമാർ വഴിയും മന്ത്രിമാരെയും ഭരണകക്ഷി നേതാക്കളെയും വലയിലാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും കാബിനറ്റ് സഹപ്രവർത്തകർക്ക് താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പഴയ ചില സ്റ്റീംഗ് ഓപ്പറേഷൻ വീഡിയോകളെച്ചൊല്ലി കോൺഗ്രസും ബിജെപി-ജെഡിഎസ് സഖ്യവും തമ്മിൽ കടുത്ത രാഷ്ട്രീയ പോര് നടക്കുന്നതിനിടയിലാണ് ശിവകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ കേന്ദ്രമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ഫണ്ടിംഗോടെ സ്വകാര്യ ഏജൻസികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് കോൺഗ്രസ് എംഎൽഎ രവികുമാർ ഗണിഗ ആരോപിച്ചിരുന്നു. അതേസമയം, സിദ്ധരാമയ്യയെ മാറ്റാൻ ഡി.കെ. ശിവകുമാർ തന്നെയാണ് ഈ വീഡിയോകൾക്ക് പിന്നിലെന്നാണ് ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമയ എച്ച്.ഡി. കുമാരസ്വാമിയുടെ പ്രത്യാരോപണം. ഈ വീഡിയോകൾ പ്രചരിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ബെംഗളൂരു കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
An attempt was made to conduct a sting operation against him and Chief Minister V.D. Satheesan using Meta smart glasses: D.K. Shivakumar makes the revelation.














