അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം; ബഹ്റൈനിലും കുവൈത്തിലും ഇറാൻ ആക്രമണം, സൈറണുകൾ മുഴങ്ങി, ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശം

മനാമ: അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ ബഹ്റൈനിലും കുവൈത്തിലും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. തുടർച്ചയായ രണ്ടാം ദിവസവും ബഹ്റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായത്.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് ഇറാനിലെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, തീരദേശ റഡാർ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയത്. വെടിനിർത്തൽ കരാർ ലംഘിച്ചതിന് മറുപടിയായാണ് നടപടിയെന്നും, ആവശ്യമെങ്കിൽ സൈനിക നടപടി കൂടുതൽ ശക്തമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC), നാവിക-വ്യോമസേന സംയുക്തമായി കുവൈത്തിലും ബഹ്റൈനിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരെ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി അറിയിച്ചു.

കുവൈത്തിലെ അലി അൽ-സാലം സൈനിക താവളത്തിലും ബഹ്റൈനിലെ പോർട്ട് സൽമാനിലുള്ള അമേരിക്കൻ അഞ്ചാം നാവികസേനയുടെ താവളത്തിലും ഉൾപ്പെടെ എട്ട് പ്രധാന സൈനിക കേന്ദ്രങ്ങൾ തകർത്തതായി ഐആർജിസി അവകാശപ്പെട്ടു. അമേരിക്കയുടെ ആക്രമണം വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും, ഇതോടെ എല്ലാ നയതന്ത്ര ചർച്ചകളും പൂർണമായി അവസാനിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ വരും ദിവസങ്ങളിൽ “നരകം അനുഭവിക്കേണ്ടിവരുമെന്നും” ഐആർജിസിയുടെ പ്രസ്താവനയിൽ പറയുന്നു.

ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം നിയന്ത്രിക്കുന്നത് ഇനി ഇറാനായിരിക്കുമെന്നും വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ചാൽ അതിന് “കനത്ത മറുപടി” നൽകുമെന്നും ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിന്റെ സൈനിക വക്താവ് ഇബ്രാഹിം അൽ-ഫിഖാർ വ്യക്തമാക്കി. അതേസമയം, പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് തിരിച്ചടിയായി അമേരിക്കയും ഇറാനും പരസ്പരം വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിക്കുന്നതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.

Sirens blare across Bahrain as US-Iran tensions escalate; citizens told to seek shelter

More Stories from this section

family-dental
witywide