മാരത്തണിൽ നിന്ന് തിരുവസ്ത്രത്തിലേക്ക്; പാവപ്പെട്ടവർക്കായി മാരത്തൺ ഓടി 2.6 മില്യൺ ഡോളർ വാരിക്കൂട്ടി സിസ്റ്റർ സ്റ്റെഫാനി ബാലിഗ

ഷിക്കാഗോ: കായിക ലോകത്തെ റെക്കോർഡുകൾക്ക് പിന്നാലെയുള്ള പാച്ചിലല്ല, മറിച്ച് പാവപ്പെട്ടവന്റെ വിശപ്പകറ്റുന്നതാണ് യഥാർത്ഥ വിജയമെന്ന് തെളിയിക്കുകയാണ് സിസ്റ്റർ സ്റ്റെഫാനി ബാലിഗ എന്ന കത്തോലിക്കാ സന്യാസിനി. പ്രൊഫഷണൽ അത്ലറ്റാകാൻ ആഗ്രഹിച്ച തന്റെ ഭൂതകാലത്തെ ഈശ്വരനിയോഗത്താൽ മാറ്റിമറിച്ച സിസ്റ്റർ സ്റ്റെഫാനി, ഷിക്കാഗോ മാരത്തണിലൂടെ ഇതുവരെ സമാഹരിച്ചത് 2.6 മില്യൺ ഡോളറിലധികം (ഏകദേശം 21 കോടിയിലധികം ഇന്ത്യൻ രൂപയാണ്). ഈ തുക മുഴുവൻ പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും സൌജന്യമായി ഭക്ഷണം എത്തിക്കാനാണ് വിനിയോഗിക്കുന്നത്.

ഒമ്പതാം വയസ്സിൽ ഓട്ടം കരിയറാക്കി മാറ്റിയ സ്റ്റെഫാനി, യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിലെ പഠനകാലത്ത് രാജ്യത്തെ ഏറ്റവും വേഗതയേറിയ ആറാമത്തെ ഫ്രെഷ്മാൻ റണ്ണർ ആയിരുന്നു. പ്രശസ്തമായ ബോസ്റ്റൺ മാരത്തണിലേക്ക് യോഗ്യത നേടാൻ ആവശ്യമായ 2 മണിക്കൂർ 53 മിനിറ്റ് എന്ന മികച്ച സമയം കുറിച്ചിട്ടും കായികലോകത്തെ അസംതൃപ്തി അവരെ അലട്ടിയിരുന്നു. എന്നാൽ, കോളേജിലെ രണ്ടാം വർഷത്തിൽ കാലിന് സംഭവിച്ച ഗുരുതരമായ ഒടിവാണ് അവരുടെ ജീവിതഗതി മാറ്റിയത്. ഓട്ടക്കളത്തിൽ നിന്ന് നിർബന്ധിതമായി വിട്ടുനിൽക്കേണ്ടി വന്ന ആ നാളുകളിൽ അവർ പ്രാർത്ഥനയിലേക്ക് തിരിയുകയും, ദൈവത്തിനായി ജീവിതം സമർപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

സന്യാസജീവിതം തിരഞ്ഞെടുത്തപ്പോഴും തന്റെ ഓട്ടത്തിനുള്ള കഴിവ് ഉപേക്ഷിക്കാൻ സിസ്റ്റർ തയ്യാറായില്ല. ‘മിഷൻ ഓഫ് അവർ ലേഡി ഓഫ് ദി എഞ്ചൽസ്’ (MOLA) എന്ന സംഘടനയുടെ ചാരിറ്റി റണ്ണിംഗ് ടീമിന് അവർ രൂപം നൽകി. കഴിഞ്ഞ 15 വർഷമായി ഈ ടീമിന്റെ നേതൃത്വത്തിൽ സിസ്റ്റർ ഷിക്കാഗോ മാരത്തണിൽ പങ്കെടുത്തുവരുന്നു. ആദ്യ മാരത്തണിൽ വെറും 20,000 ഡോളർ മാത്രം സമാഹരിച്ച സ്ഥാനത്തുനിന്നാണ് ഇന്ന് കോടികളുടെ കാരുണ്യനിധിയായി ഈ സംരംഭം വളർന്നത്. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് തടസ്സമില്ലാതെ ഭക്ഷണം എത്തിക്കാൻ ഈ മാരത്തൺ ഫണ്ട് വലിയ സഹായമായി.

ജാതി-മത ഭേദമന്യേയുള്ള സേവനം
പ്രതിവാരം 400-ലധികം കുടുംബങ്ങൾക്ക് നേരിട്ടും, മുന്നൂറോളം മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തിച്ചും ‘മിഷൻ ഓഫ് അവർ ലേഡി ഓഫ് ദി എഞ്ചൽസ്’ ടീം നിലവിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. സംഘടനയുടെ സ്ഥാപകനായ ഫാദർ ബോബ് ലോംബാർഡോയുടെ വാക്കുകളിൽ ഈ ദൗത്യത്തിന്റെ ലക്ഷ്യം വ്യക്തമാണ്: “ഞങ്ങൾ കത്തോലിക്കരായതുകൊണ്ടാണ് ഈ സേവനം ചെയ്യുന്നത്, അല്ലാതെ ഞങ്ങൾ സഹായിക്കുന്ന ആളുകൾ കത്തോലിക്കരായതുകൊണ്ടല്ല.”

ഇത്തവണത്തെ ലക്ഷ്യം 5 ലക്ഷം ഡോളർ

ഈ വർഷം നടക്കാനിരിക്കുന്ന 16-ാമത് തുടർച്ചയായ ഷിക്കാഗോ മാരത്തണിൽ സിസ്റ്റർ സ്റ്റെഫാനിക്കൊപ്പം ഇരുനൂറോളം റണ്ണർമാരാണ് അണിനിരക്കുന്നത്. ഇത്തവണ 5,00,000 ഡോളർ (5 ലക്ഷം ഡോളർ) സമാഹരിക്കുകയാണ് ടീമിന്റെ ലക്ഷ്യം. ഇതിനോടകം തന്നെ 1,84,000 ഡോളറിലധികം തുക വിവിധ സ്പോൺസർഷിപ്പുകളിലൂടെ ഇവർക്ക് ലഭിച്ചുകഴിഞ്ഞു.

തന്റെ ഓട്ടത്തിന്റെ അർത്ഥം പൂർണ്ണമായും മാറിയതിനെക്കുറിച്ച് സിസ്റ്റർ സ്റ്റെഫാനി പറയുന്നു: “അത്‌ലറ്റിക് പൂർണ്ണതയ്ക്ക് വേണ്ടിയുള്ള ഓട്ടമായിരുന്നു മുൻപ്, എന്നാൽ ഇന്ന് അത് പാവപ്പെട്ടവരുടെ വിശപ്പകറ്റാനുള്ള വഴി മാത്രമാണ്. ബാങ്ക് അക്കൗണ്ടിലെ പൂജ്യങ്ങളുടെ എണ്ണം കാണുമ്പോൾ അതിശയം തോന്നാം, എങ്കിലും എല്ലാം ദൈവത്തിന്റെ കരുതലാണ്.” സിസ്റ്ററുടെയും സംഘത്തിന്റെയും മാരത്തൺ പരിശീലനത്തിന് വൻ ജനപിന്തുണയാണ് ഷിക്കാഗോയിൽ ലഭിക്കുന്നത്.

Sister Stephanie Baliga raised $2.6 million by running marathons for the poor.

More Stories from this section

family-dental
witywide