
ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ ജനവാസ മേഖലയിലെ വീടിന് മുകളിൽ ചെറുവിമാനം തകർന്നുവീണ് രണ്ട് പേർ മരിച്ചു. ഒഹായോയിലെ അക്രോൺ നഗരത്തിലാണ് സംഭവം. സിംഗിൾ എഞ്ചിൻ പൈപ്പർ പിഎ-28 ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഒഹായോ സ്റ്റേറ്റ് ഹൈവേ പട്രോൾ അധികൃതർ സ്ഥിരീകരിച്ചു.
അക്രോൺ ഫുൾട്ടൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം, ലാൻഡിംഗിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടമായി വീടിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിനും വീടിൻ്റെ ഗാരേജിനും തീപിടിക്കുകയും പ്രദേശം മുഴുവൻ കറുത്ത പുകയാൽ മൂടപ്പെടുകയും ചെയ്തു. അപകടസമയത്ത് തകർന്ന വീടിനുള്ളിൽ ദമ്പതികളും അവരുടെ രണ്ട് കുട്ടികളും ഉണ്ടായിരുന്നെങ്കിലും അവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ അമേരിക്കൻ വ്യോമയാന ഏജൻസിയായ എഫ്.എ.എ, നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് എന്നിവർ സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Small plane crashes into house in Ohio, catches fire; two dead















