
വാഷിംഗ്ടൺ: ഉയർന്ന പണപ്പെരുപ്പവും ജീവിതച്ചെലവും അമേരിക്കൻ കുടുംബങ്ങളുടെ താങ്ക്സ്ഗിവിംഗ് ആഘോഷങ്ങളുടെ ബജറ്റിനെയും ആസൂത്രണത്തെയും സാരമായി ബാധിക്കുന്നു. ആഘോഷങ്ങൾക്കായി ചെലവുകൾ ചുരുക്കാൻ നിർബന്ധിതരാകുകയാണ് നിരവധി കുടുംബങ്ങൾ. ‘ലെൻഡിംഗ് ട്രീ’ അടുത്തിടെ നടത്തിയ സർവേ പ്രകാരം, താങ്ക്സ്ഗിവിംഗ് ആഘോഷിക്കാൻ പദ്ധതിയിടുന്നവരിൽ പകുതിയിലധികം പേരും വിലക്കയറ്റം തങ്ങളുടെ ആഘോഷങ്ങളെ ബാധിച്ചതായി വ്യക്തമാക്കി.
ചെലവുകൾ നിയന്ത്രിക്കുന്നതിനായി ഭക്ഷണവിഭവങ്ങളിൽ മാറ്റം വരുത്താനാണ് 25 ശതമാനം പേരുടെ തീരുമാനം. സാധനങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ഡിസ്കൗണ്ട് കൂപ്പണുകൾ ഉപയോഗിക്കുമെന്ന് 22 ശതമാനം പേർ അറിയിച്ചു. അതേസമയം, വിരുന്നിന് ക്ഷണിക്കുന്ന അതിഥികളുടെ എണ്ണം കുറയ്ക്കാൻ 14 ശതമാനം പേരും തീരുമാനിച്ചിട്ടുണ്ട്.
ആഘോഷങ്ങൾ നടത്തുന്നതിനായി പണം കടമെടുക്കേണ്ടിവരുമെന്ന് സർവേയിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് ഭാഗത്തോളം പേർ (ഏകദേശം 66 ശതമാനം) അഭിപ്രായപ്പെട്ടു. ഇതിൽ 38 ശതമാനം പേർ ചെലവുകൾക്കായി ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കാനാണ് പദ്ധതിയിടുന്നത്.
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി മുഴുവൻ ടർക്കി വാങ്ങുന്നതിന് പകരം ചെറിയ കഷണങ്ങൾ മാത്രം വാങ്ങാൻ പങ്കാളിയോട് ആവശ്യപ്പെടുകയാണെന്ന് സിയാറ്റിലിൽ നിന്നുള്ള ലിലിയ പറഞ്ഞു. കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചെറിയ ഒത്തുചേരലായിരിക്കും ഇത്തവണയെന്നും അവർ വ്യക്തമാക്കി. യാത്രാച്ചെലവുകൾ വർധിച്ചതും നിരവധി പേരുടെ താങ്ക്സ്ഗിവിംഗ് പദ്ധതികളെ ബാധിച്ചിട്ടുണ്ട്. ഇന്ധനവിലയും താമസച്ചെലവും താങ്ങാനാവാത്തതിനാൽ ഇത്തവണ യാത്ര ഒഴിവാക്കി റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കാനാണ് തീരുമാനമെന്ന് നോർത്ത് കരോലിനയിൽ നിന്നുള്ള ഒരു വീട്ടമ്മ പ്രതികരിച്ചു.















