അമേരിക്കയിലെ അന്തർദേശീയ വിദ്യാർത്ഥികൾക്ക് കടുത്ത നിയന്ത്രണങ്ങൾ; താമസകാലാവധി നിശ്ചയിക്കുന്ന പുതിയ ചട്ടം വൈറ്റ് ഹൗസ് പരിഗണനയിൽ

വാഷിംഗ്ടൺ: അമേരിക്കയിൽ പഠിക്കുന്ന അന്തർദേശീയ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്ന പുതിയ കുടിയേറ്റ ചട്ടങ്ങൾ നടപ്പാക്കാനുള്ള നീക്കവുമായി യു.എസ്. സർക്കാർ. നിലവിൽ പ്രാബല്യത്തിലുള്ള “Duration of Status (DS)” സംവിധാനം ഒഴിവാക്കി നിശ്ചിത കാലാവധിയുള്ള വിസാ സംവിധാനം കൊണ്ടുവരുന്ന അന്തിമ ചട്ടം യു.എസ്. ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) വൈറ്റ് ഹൗസിന് കീഴിലുള്ള Office of Management and Budget (OMB) ന് സമർപ്പിച്ചു.

OMBയുടെ അംഗീകാരം ലഭിച്ചാൽ ചട്ടം ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കപ്പെടും. അതോടെ പുതിയ നിയമം പ്രാബല്യത്തിൽ വരാനുള്ള അവസാനഘട്ട നടപടികൾ പൂർത്തിയാകും.നിലവിൽ F-1 വിദ്യാർത്ഥി വിസ, J-1 എക്സ്ചേഞ്ച് വിസിറ്റർ വിസ, I വിസ എന്നിവയിലുള്ളവർക്ക് അവരുടെ പഠനമോ പരിശീലനമോ പൂർത്തിയാകുന്നതുവരെ അമേരിക്കയിൽ തുടരാൻ സാധിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. എന്നാൽ പുതിയ ചട്ടം നടപ്പായാൽ നിശ്ചിത ഇടവേളകളിൽ വിസാ ദീർഘിപ്പിക്കൽ നിർബന്ധമാകും.

ഇതോടെ വിദ്യാർത്ഥികൾക്ക് ആവർത്തിച്ച് വിസാ എക്സ്റ്റൻഷൻ അപേക്ഷിക്കേണ്ടതും ബയോമെട്രിക് നടപടികൾ പൂർത്തിയാക്കേണ്ടതുമായ സാഹചര്യം ഉണ്ടാകും. അധിക ചെലവും അനിശ്ചിതത്വവും വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. പ്രസ്താവിച്ചിരിക്കുന്ന ചട്ടപ്രകാരം F-1, J-1 വിസാ ഉടമകൾക്ക് പരമാവധി നാല് വർഷം മാത്രമായിരിക്കും താമസാനുമതി. ഇംഗ്ലീഷ് ഭാഷാ പഠന പരിപാടികൾക്ക് 24 മാസവും പൊതു ഹൈസ്കൂൾ പഠനത്തിന് 12 മാസവുമാണ് നിർദേശിച്ചിരിക്കുന്ന പരിധി.

പഠനം പൂർത്തിയായ ശേഷം നിലവിൽ ലഭിക്കുന്ന 60 ദിവസത്തെ ഗ്രേസ് പീരിയഡും 30 ദിവസമായി ചുരുക്കാനാണ് നിർദേശം.അമേരിക്കയിലെ അന്തർദേശീയ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. ഏറ്റവും പുതിയ Open Doors റിപ്പോർട്ട് പ്രകാരം 2024-25 അധ്യയന വർഷത്തിൽ ഏകദേശം 3.6 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിൽ പഠിച്ചിരുന്നത്. ഇത് ആകെ അന്തർദേശീയ വിദ്യാർത്ഥികളുടെ 31 ശതമാനത്തോളം വരും.പുതിയ ചട്ടം ഇന്ത്യൻ വിദ്യാർത്ഥികളെ വ്യാപകമായി ബാധിക്കുമെന്നാണ് ആശങ്ക.

നിയമപരമായ മറ്റൊരു പ്രധാന മാറ്റവും നിർദേശത്തിലുണ്ട്. നിലവിൽ USCIS അല്ലെങ്കിൽ ഇമിഗ്രേഷൻ ജഡ്ജി ഔദ്യോഗികമായി വിസാ ലംഘനം കണ്ടെത്തിയ ശേഷമാണ് “unlawful presence” കണക്കാക്കുന്നത്. എന്നാൽ പുതിയ ചട്ടം പ്രാബല്യത്തിൽ വന്നാൽ അനുവദിച്ചിരിക്കുന്ന താമസകാലാവധി അവസാനിക്കുന്നതോടെ തന്നെ unlawful presence കണക്കാക്കും.180 ദിവസത്തിലധികം unlawful presence ഉണ്ടായാൽ മൂന്ന് വർഷവും, ഒരു വർഷം കവിച്ചാൽ പത്ത് വർഷവും അമേരിക്കയിൽ വീണ്ടും പ്രവേശിക്കാൻ വിലക്ക് നേരിടേണ്ടിവരും.

OPT (Optional Practical Training) ചെയ്യുന്ന വിദ്യാർത്ഥികൾക്കും ഇത് തിരിച്ചടിയാകുമെന്നാണ് ഇമിഗ്രേഷൻ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിസാ ദീർഘിപ്പിക്കൽ അപേക്ഷ പരിഗണനയിലിരിക്കെ സ്റ്റാറ്റസ് കാലാവധി കഴിഞ്ഞാൽ ജോലി അനുമതി തടസപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം, പുതിയ ചട്ടപ്രകാരം ബിരുദ വിദ്യാർത്ഥികൾക്ക് ആദ്യ വർഷത്തിനുള്ളിൽ കോഴ്‌സോ മേജറോ വിദ്യാഭ്യാസ നിലയോ മാറ്റാൻ സാധിക്കില്ല. പി.ജി വിദ്യാർത്ഥികൾക്ക് പഠനവിഷയം മാറ്റുന്നതും നിരോധിക്കാനാണ് നിർദേശം.ഒരു ഡിഗ്രി പൂർത്തിയാക്കിയ ശേഷം അതേ നിലവാരത്തിലോ അതിൽ താഴെയോ ഉള്ള മറ്റൊരു കോഴ്‌സിലേക്ക് F-1 സ്റ്റാറ്റസിൽ മാറാനും ഇനി സാധിക്കില്ലെന്നാണ് ചട്ട നിർദേശം വ്യക്തമാക്കുന്നത്.

Strict restrictions on international students in the US; White House considering new rule setting length of stay

More Stories from this section

family-dental
witywide