ദുബായ്-ടെൽ അവീവ് ഫ്ളൈ ദുബായ് വിമാനം പറത്തുന്നതിനിടെ നേരിട്ട ആക്രമണത്തെക്കുറിച്ചും ഭീതിദമായ നിമിഷങ്ങളെക്കുറിച്ചും വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ. ആക്രമണത്തിനിടെ ഒരുഘട്ടത്തിൽ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയമുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്വയംരക്ഷയ്ക്കൊപ്പം വിമാനത്തിലെ യാത്രക്കാരുടെ കൂടി സുരക്ഷ ഉറപ്പാക്കാൻ ശ്രമിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സയിലിരിക്കേ നൽകിയ ഒരു അഭിമുഖത്തിനിടയാണ് ക്യാപ്റ്റൻ തന്റെ അനുഭവങ്ങൾ വിവരിച്ചത്. തലയ്ക്ക് ഗുരുതരമായ അടിയേറ്റതിനെത്തുടർന്ന് ബോധം മറഞ്ഞും തെളിഞ്ഞുമുള്ള അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജോലി ചെയ്യുന്നതിനിടെ ശക്തമായ എന്തോ ഒന്ന് തലയിലിടിച്ചതായി തോന്നിയിരുന്നെന്നും, തുടർന്ന് ബോധം മറഞ്ഞും തെളിഞ്ഞും കൊണ്ടിരുന്നതായും സ്മിത് മച്ചാർ ഓർത്തെടുത്തു. വാതിൽ തുറന്നപ്പോൾ താൻ കമിഴ്ന്നു കിടക്കുന്നതായാണ് ഓർമയിലുള്ളത്. ആ സമയത്ത് ചുറ്റുമുണ്ടായിരുന്ന പരിഭ്രാന്തിയും നിലവിളികളും തന്റെ മനസ്സിലുണ്ട്. എന്താണ് സംഭവിക്കുന്നതെന്നുപോലും പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും അതിജീവിക്കണമെങ്കിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ ആ നിമിഷത്തിൽ, സ്വന്തം ജീവിതം മാത്രമല്ല മറ്റുള്ളവരുടെ സുരക്ഷയും തന്റെ മുന്നിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര ഘട്ടത്തിൽ വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത സഹപ്രവർത്തകന് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
സെപ്റ്റംബർ 30-നാണ് ഫ്ളൈ ദുബായ് വിമാനത്തിനുള്ളിൽവെച്ച് സഹപൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽ ഹമാമി, ക്യാപ്റ്റൻ സ്മിത് മച്ചറിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ സ്മിത്തിനെ സഹയാത്രക്കാർ ചേർന്ന് പരിചരിക്കുകയും ഹമാമിയെ കീഴ്പ്പെടുത്തുകയും ചെയ്തു. തുടർന്ന് യാത്രക്കാരായിരുന്ന രണ്ട് പൈലറ്റുമാർ ചേർന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയും, സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ലാൻഡിങ് നടത്തുകയും ചെയ്തു.
ഇസ്രയേലിലെ ബെൻ ഗുറിയൻ എയർപോർട്ട് ടെർമിനലിലേക്ക് വിമാനം ഇടിച്ചിറക്കിയുള്ള ആക്രമണമായിരുന്നു ഹമാമി ലക്ഷ്യമിട്ടിരുന്നതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമായി. ഭീതിജനകമായ ഈ സാഹചര്യത്തിൽ ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചതെന്നും, തന്റെ കർത്തവ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ശ്രമിച്ചതെന്നും മച്ചാർ പറഞ്ഞു. തന്റെ ജീവൻ രക്ഷിച്ച സഹപ്രവർത്തകന്റെയും യാത്രക്കാരുടെയും ഇടപെടലുകൾ ജീവിതാവസാനം വരെ ഓർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Struck on Head, Screams All Around: Captain Smith Machar Recounts Terrifying Moments Inside Flydubai Flight














