
ഇന്ത്യൻ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസിലെ മുഴുവൻ നിയമനടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചു. ഹിന്ദുജ സഹോദരന്മാർക്കും സ്വീഡിഷ് ആയുധ നിർമ്മാതാക്കളായ എബി ബോഫോഴ്‌സിനും എതിരെ നിലവിലുണ്ടായിരുന്ന എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കിയ 2005-ലെ ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട അവസാന അപ്പീലും സുപ്രീംകോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ ബിജെപി നേതാവും അഭിഭാഷകനുമായ അജയ് കെ. അഗർവാൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. പ്രധാന അന്വേഷണ ഏജൻസിയായ സിബിഐ സമർപ്പിച്ച അപ്പീൽ നേരത്തെ തന്നെ കോടതി തള്ളിയിരുന്നു. അന്വേഷണ ഏജൻസിയുടെ ഹർജി തള്ളിയ സാഹചര്യത്തിൽ ഒരു സ്വകാര്യ വ്യക്തി നൽകിയ അപ്പീൽ ഇനി എങ്ങനെ നിലനിൽക്കുമെന്ന ചോദ്യം ഉയർത്തിയാണ് സുപ്രീംകോടതി ഈ കേസ് അവസാനിപ്പിച്ചത്.
1980-കളിൽ രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ബോഫോഴ്‌സ് ഇടപാട് ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അഴിമതിക്കേസുകളിൽ ഒന്നായിരുന്നു. നീണ്ട ദശാബ്ദങ്ങൾ നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കും രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കും ശേഷമാണ് കേസ് ഇപ്പോൾ നിയമപരമായി പൂർണ്ണമായും അവസാനിക്കുന്നത്.
Supreme Court closes legal proceedings in historic Bofors scam case












