ട്രംപ് ജൂനിയറെയും ഹണ്ടർ ബൈഡനെയും വിളിച്ചുവരുത്തി വിസ്തരിക്കണം; പദവി ദുരുപയോഗത്തിനെതിരെ റിപ്പബ്ലിക്കൻ സെനറ്ററുടെ കത്ത്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റുമാരുടെ കുടുംബാംഗങ്ങൾ പദവി ദുരുപയോഗം ചെയ്ത് വിദേശ-ആഭ്യന്തര ബിസിനസ്സ് നേട്ടങ്ങൾ കൊയ്യുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഇതിനായി ഡോണൾഡ് ട്രംപ് ജൂനിയർ, ഹണ്ടർ ബൈഡൻ എന്നിവരെ സെനറ്റ് കമ്മിറ്റിക്ക് മുൻപാകെ വിളിച്ചുവരുത്തണമെന്നും റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കർട്ടിസ്. ഇതുസംബന്ധിച്ച് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ചക്ക് ഗ്രാസ്ലി, റാങ്കിംഗ് അംഗം ഡിക്ക് ഡർബിൻ എന്നിവർക്ക് കർട്ടിസ് കത്തയച്ചു.

പ്രസിഡന്റുമാരുടെ കുടുംബാംഗങ്ങളുടെ സ്വാധീനം വലിയ സാമ്പത്തിക നേട്ടങ്ങൾക്കും പ്രത്യേക പരിഗണനകൾക്കും വഴിമാറുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉന്നതതല അന്വേഷണം വേണമെന്നാണ് യൂട്ടായിൽ നിന്നുള്ള സെനറ്ററുടെ ആവശ്യം. വൈറ്റ് ഹൗസിന്റെ ഭരണം മാറുമ്പോൾ മാത്രം അവസാനിക്കുന്ന ഒന്നാകരുത് കോൺഗ്രസിന്റെ മേൽനോട്ടമെന്നും, റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് കുടുംബങ്ങൾക്ക് രാജ്യം രണ്ട് മാനദണ്ഡങ്ങൾ നിശ്ചയിക്കരുതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

വിവാദമായി ട്രംപ് ജൂനിയറിന്റെ വിവാഹപ്പാർട്ടി

കഴിഞ്ഞ മേയ് മാസത്തിൽ നടന്ന ഡോണൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹാനന്തര പാർട്ടിക്ക് ഫണ്ട് നൽകിയത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അടുത്ത ബന്ധമുള്ള റഷ്യൻ കോടീശ്വരൻ (ഒലിഗാർക്ക്) ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കർട്ടിസിന്റെ നീക്കം. ഈ ഇടപാട് അഴിമതിയാണെന്ന് കർട്ടിസ് ആരോപിച്ചു. എന്നാൽ തന്റെ മകൻ ഈ തുക സുഹൃത്തിന് തിരികെ നൽകിയെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശദീകരണം. എങ്കിലും തുക തിരിച്ചടച്ചതിന്റെ തെളിവുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കൂടാതെ, ട്രംപ് ജൂനിയർ വിദേശ ഭരണത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഇടപാടുകൾ തുടരുന്നതും, പ്രതിരോധ കരാറുകളിലെ നിക്ഷേപങ്ങളും, ക്രിപ്‌റ്റോകറൻസി സംരംഭങ്ങളും വലിയ ദേശീയ സുരക്ഷാ ഭീഷണിയുയർത്തുന്നതാണെന്നും കർട്ടിസ് കത്തിൽ വ്യക്തമാക്കുന്നു.

മുൻ പ്രസിഡന്റ് ജോ ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് മകൻ ഹണ്ടർ ബൈഡൻ യുക്രെയ്നിയൻ ഊർജ്ജ കമ്പനിയായ ‘ബുരിസ്മ’യുടെ ബോർഡ് അംഗമായിരുന്നതും വിദേശ ഇടപാടുകൾ നടത്തിയതും അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ബൈഡൻ പദവി ദുരുപയോഗം ചെയ്ത് യുക്രെയ്നിലെ പ്രൊസിക്യൂട്ടറെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം വർഷങ്ങളായി റിപ്പബ്ലിക്കൻമാർ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

റിപ്പബ്ലിക്കൻ സെനറ്ററായ കർട്ടിസിന്റെ ഈ ആവശ്യത്തെ ജുഡീഷ്യറി കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റ് അംഗമായ ഡിക്ക് ഡർബിൻ സ്വാഗതം ചെയ്തു. അഴിമതി ഒട്ടും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കർട്ടിസിന്റെ നല്ല ഉദ്ദേശത്തോടെയുള്ള ഈ അന്വേഷണ ആവശ്യത്തെ പിന്തുണയ്ക്കുന്നതായും ഡർബിൻ പ്രസ്താവിച്ചു. അതേസമയം കത്ത് പൂർണ്ണമായി വായിക്കാത്തതിനാൽ പ്രതികരിക്കാനില്ലെന്നാണ് കമ്മിറ്റി ചെയർമാൻ ചക്ക് ഗ്രാസ്ലി വ്യക്തമാക്കിയത്.

കർട്ടിസ് നിലവിൽ ജുഡീഷ്യറി കമ്മിറ്റിയിൽ അംഗമല്ലാത്തതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിലും, ട്രംപ് ജൂനിയറിനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന ഏറ്റവും ശക്തമായ പ്രതികരണമാണിത്.

Trump Jr. and Hunter Biden must be summoned and questioned; Republican Senator writes letter regarding abuse of office.

More Stories from this section

family-dental
witywide