ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡിസംബറിൽ മോദി യുഎസ് സന്ദർശിച്ചേക്കും; ട്രംപുമായി നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ അമേരിക്ക സന്ദർശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഫ്ലോറിഡയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി യുഎസിലേക്ക് തിരിക്കുന്നത്. സന്ദർശന വേളയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചന.

ഡിസംബർ 14, 15 തീയതികളിൽ ട്രംപ് നാഷണൽ ഡോറൽ മിയാമി റിസോർട്ടിലാണ് ജി20 ലോകനേതാക്കളുടെ സംഗമം നടക്കുന്നത്. സുരക്ഷാ-നയതന്ത്ര കാരണങ്ങളാൽ യാത്രയുടെ തൊട്ടടുത്ത ദിവസങ്ങളിൽ മാത്രമേ കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളൂ.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 100 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യം കൽപ്പിക്കപ്പെടുന്നത്. ഉച്ചകോടിയിൽ ട്രംപ് കൂടിക്കാഴ്ചയ്ക്ക് ഏറ്റവും മുൻഗണന നൽകുന്ന നേതാക്കളിൽ ഒരാൾ നരേന്ദ്ര മോദിയായിരിക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. വെറുമൊരു ഉച്ചകോടി പങ്കാളിത്തത്തിനപ്പുറം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-പ്രതിരോധ ബന്ധങ്ങളിൽ നിർണായകമായ തീരുമാനങ്ങൾ ഈ സന്ദർശനത്തിൽ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

വ്യാപാരം 500 ബില്യൺ ഡോളറിലേക്ക്
ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവിൽ 240 ബില്യൺ യുഎസ് ഡോളറാണ്. ഇത് വരും വർഷങ്ങളിൽ 500 ബില്യൺ ഡോളറായി ഉയർത്തുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. പ്രതിരോധം, സാങ്കേതികവിദ്യ, ഊർജം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ കഴിഞ്ഞ ജൂണിൽ ഫ്രാൻസിലെ എവിയാനിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഇരു നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.

ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘ക്വാഡ്’ (Quad) സഖ്യത്തിന്റെ യോഗവും ഫ്ലോറിഡയിൽ നടന്നേക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ദുരന്തനിവാരണം എന്നിവയിലൂന്നിയാകും ക്വാഡ് ചർച്ചകൾ.

യുഎസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി കാനഡയിലേക്ക് തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച ചർച്ചകൾ ഇതിലൂടെ ഊർജിതമാകും.

Modi likely to visit US in December; possibility of a crucial meeting with Trump.

More Stories from this section

family-dental
witywide