
വാഷിംഗ്ടൺ: ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 17,500 വെള്ളക്കാരെക്കൂടി അടുത്ത 12 മാസത്തിനുള്ളിൽ അഭയാർത്ഥികളായി സ്വീകരിക്കാൻ അമേരിക്കൻ ഭരണകൂടം തയാറെടുക്കുന്നു. 2027 ഒക്ടോബറിൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിലേക്ക് ഇത്രയും വലിയൊരു ക്വാട്ട അനുവദിക്കാനുള്ള തീരുമാനം ചൊവ്വാഴ്ചയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് യു.എസ് കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ലോകമെമ്പാടുമുള്ള യുദ്ധബാധിത പ്രദേശങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ലക്ഷക്കണക്കിന് അഭയാർത്ഥികൾക്കായി രണ്ടാം ട്രംപ് ഭരണകൂടം തങ്ങളുടെ പുനരധിവാസ പദ്ധതികൾ ഫലത്തിൽ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാർക്ക് മാത്രമായി ഈ പദ്ധതിയിൽ വലിയൊരു ഇളവ് ഭരണകൂടം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഇത്തരത്തിൽ ആയിരക്കണക്കിന് ആഫ്രിക്കക്കാരെയാണ് യു.എസ് ഇത്തരത്തിൽ പുനരധിവസിപ്പിച്ചത്. പുതിയ പദ്ധതി പൂർത്തിയാക്കാൻ യു.എസ് സർക്കാരിന് 500 ദശലക്ഷം ഡോളർ (ഏകദേശം 4100 കോടിയിലധികം രൂപ) ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.
ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനം അവസാനിച്ചതിന് ശേഷം, അവിടുത്തെ ഭൂരിപക്ഷ ജനവിഭാഗത്തിൽ നിന്ന് വെള്ളക്കാർ കടുത്ത വംശീയ പീഡനമാണ് നേരിടുന്നതെന്നാണ് യു.എസ് ഉദ്യോഗസ്ഥരുടെ ആരോപണം. ഇവരുടെ കാർഷിക സ്വത്തുക്കൾ യാതൊരു നഷ്ടപരിഹാരവുമില്ലാതെ പിടിച്ചെടുക്കപ്പെടുന്നുണ്ടെന്നും തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ അവർക്ക് തുല്യാവസരങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺഗ്രസിന് നൽകിയ നോട്ടീസിൽ ആരോപിക്കുന്നു.
എന്നാൽ നെതർലാൻഡ്സ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ പിൻഗാമികളായ ഈ വംശീയ ന്യൂനപക്ഷത്തെ രാജ്യം പീഡിപ്പിക്കുന്നുണ്ടെന്ന വാദം ദക്ഷിണാഫ്രിക്കൻ സർക്കാർ പൂർണ്ണമായി നിഷേധിച്ചു. വെള്ളക്കാരോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച ചില ദക്ഷിണാഫ്രിക്കൻ ഉദ്യോഗസ്ഥർക്ക് മേൽ യു.എസ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ കർഷകർ നേരിടുന്നത് ഒരു ‘വംശഹത്യ’ ആണെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രധാന ആരോപണം. കഴിഞ്ഞ വർഷം ഓവൽ ഓഫീസിൽ വെച്ച് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപ് ഈ വിഷയം ഉന്നയിക്കുകയും കർഷകർ കൊല്ലപ്പെടുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വംശഹത്യ വാദങ്ങൾ ആഗോളതലത്തിൽ തന്നെ വലിയ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര വാർത്താ പരിപാടിയായ ’60 മിനിറ്റ്സ്’ ഈ വർഷം ആദ്യം പുറത്തുവിട്ട റിപ്പോർട്ടിൽ, ദക്ഷിണാഫ്രിക്കയിലെ ചില വെള്ളക്കാരായ നേതാക്കൾ തന്നെ ട്രംപിന്റെ വംശഹത്യ വാദത്തെ തള്ളിക്കളഞ്ഞിരുന്നു.
ഫാമുകളിൽ നടക്കുന്ന കൊലപാതകങ്ങൾ രാജ്യത്തെ പൊതുവായ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ ഭാഗമാണെന്നും അത് എല്ലാ വംശത്തിൽപ്പെട്ടവരെയും ഒരുപോലെ ബാധിക്കുന്നുണ്ടെന്നുമാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും നിലപാട്.
US to take in another 17,500 white South Africans; controversy surrounds key move by Trump administration.















