
ന്യൂഡൽഹി: അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടൽ നടത്തി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. തൃശൂർ മുടിക്കോട് സ്വദേശിനി അഞ്ജന, തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മാത്യു എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിനിയുമായ അനിലയെ യു.എസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറലുമായി അദ്ദേഹം ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഒരേ അപ്പാർട്ട്മെന്റിൽ കുടുംബസമേതം താമസിച്ചിരുന്നവരാണ് മൂവരും. വ്യക്തിപരമായ തർക്കങ്ങളെ തുടർന്ന് പ്രതിയായ അനില, ആൻ മാത്യുവിനെ അപ്പാർട്ട്മെന്റിൽ വെച്ച് കുത്തിക്കൊല്ലുകയും പിന്നീട് അഞ്ജനയുടെ ശരീരത്തിലേക്ക് കാർ ഇടിച്ചുകയറ്റി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് വിവരം. അഞ്ജനയ്ക്ക് ഗുരുതരമായി അപകടം പറ്റി ആശുപത്രിയിലാണെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ആദ്യം സന്ദേശം ലഭിച്ചത്. പിന്നീടാണ് മരണവിവരം അറിയുന്നത്. 2021-ലാണ് അഞ്ജന യു.എസിലേക്ക് പോയത്. ഭർത്താവും ആറ് വയസ്സുള്ള മകളുമുണ്ട്.
യുവതികളുടെ മരണം കൊലപാതകമാണെന്ന് യു.എസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ വ്യക്തമല്ല. യു.എസ് ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തിനും നോർക്കയ്ക്കും ഔദ്യോഗിക റിപ്പോർട്ട് നൽകിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് സുരേഷ് ഗോപി പറഞ്ഞു.
മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള രേഖകൾ തയ്യാറാക്കാൻ യു.എസിലെ ഫ്യൂണറൽ ഹോമുകൾക്ക് കോൺസുലേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹങ്ങൾ വിട്ടുനൽകാൻ നടപടിക്രമങ്ങൾ വൈകിയേക്കാമെന്നും, കോൺസുലേറ്റിൽ നിന്നുള്ള അടുത്ത അപ്ഡേറ്റിന് ശേഷം മാത്രമേ മൃതദേഹങ്ങൾ എപ്പോൾ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നതിൽ വ്യക്തത വരികയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അനിലയ്ക്ക് ഈ ക്രൂരതചെയ്യാനാകില്ലെന്ന് ബന്ധുക്കളും നാട്ടുകാരും
കേസുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ടയ്ക്കടുത്ത് മൂന്നിലവ് പഞ്ചായത്തിലെ തഴയ്ക്കവയൽ സ്വദേശി മാറാമറ്റം വീട്ടിൽ അനിലയാണ് യു.എസ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായാണ് വിവരം. അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ കടുത്ത വിഷാദമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, യുവതിയെ കൂടുതൽ ചോദ്യംചെയ്യുന്നതിൽ നിന്നേ ആക്രമണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂ.
എന്നാൽ, ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യാൻ തങ്ങൾക്കറിയുന്ന അനിലയ്ക്കാവില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ഒരേസ്വരത്തിൽ പറയുന്നു. സ്വതവേ വളരെ ശാന്തസ്വഭാവമായിരുന്നു അനിലയുടേത്. ബന്ധുക്കളോടും നാട്ടുകാരോടുമെല്ലാം എപ്പോഴും നല്ല പെരുമാറ്റമായിരുന്നു. അതുകൊണ്ടുതന്നെ അനിലയെക്കുറിച്ചോ ആ വീട്ടുകാരെക്കുറിച്ചോ പ്രദേശത്ത് ആർക്കും ഒരുതരത്തിലുള്ള മോശം അഭിപ്രായവുമില്ല.
സ്ഥലത്തെ അറിയപ്പെടുന്ന കുടുംബമാണ് അനിലയുടേത്. സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാത്ത പശ്ചാത്തലമാണ്. നാട്ടിൽ ഭരണങ്ങാനം എ.ആർ.എസ് കോളേജിലാണ് അനില പഠിച്ചത്. എഞ്ചിനിയറിങ് ബിരുദധാരിയായ അനില നാലുവർഷം മുമ്പാണ് യു.എസിലേക്ക് പോയത്. അവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു.
യു.എസിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പം അനില സന്തുഷ്ട ജീവിതമാണ് നയിച്ചിരുന്നതെന്നാണ് നാട്ടുകാരുടെ അറിവ്. രണ്ടുമാസമായി അനിലയുടെ മാതാപിതാക്കളും യു.എസിൽ ഇവരുടെ കൂടെയായിരുന്നു താമസം. അനിലയുടെ സഹോദരൻ കാനഡയിലായതിനാൽ നാട്ടിലെ വീട്ടിൽ നിലവിൽ ആരുമില്ല. ജോലിയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അതിന്റെ വിഷാദത്തിൽ അത്രയും അടുത്ത സുഹൃത്തുക്കളായ അഞ്ജനയെയും ആനിയെയും അനില വകവരുത്തുമെന്ന് വിശ്വസിക്കാൻ പ്രയാസമെന്നാണ് കുടുംബവുമായി അടുപ്പമുള്ളവർ പറയുന്നത്.
Suresh Gopi says steps are being taken to bring back the bodies of two Malayali women killed by their friend in the US















