
ന്യൂയോർക്ക്: നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ വളർച്ച വരും വർഷങ്ങളിൽ മനുഷ്യന്റെ ചിന്താശേഷിക്കും അപ്പുറത്തേക്ക് മാറുമെന്ന് പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. അടുത്ത വർഷം അവസാനത്തോടെ ഡിജിറ്റൽ ലോകത്തെ ഏത് സങ്കീർണ്ണമായ കാര്യങ്ങളും മനുഷ്യനേക്കാൾ മികച്ച രീതിയിൽ (സൂപ്പർഹ്യൂമൻ ലെവൽ) ചെയ്യാൻ AI മോഡലുകൾക്ക് സാധിക്കുമെന്നാണ് മസ്കിന്റെ അവകാശവാദം. പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ‘വെർസൽ’ സിഇഓ ഗില്ലെർമോ റൗച്ചിന്റെ സോഷ്യൽ മീഡിയ കുറിപ്പിന് മറുപടിയായാണ് മസ്ക് തൻ്റെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
കോഡിംഗ്, ഫയൽ പരിശോധന, പ്രസന്റേഷനുകൾ തയ്യാറാക്കൽ തുടങ്ങിയ ഡിജിറ്റൽ മേഖലകളിൽ AI നിലവിൽ വലിയ മുന്നേറ്റം നടത്തുന്നുണ്ട്. എന്നാൽ ഈ സൂപ്പർഹ്യൂമൻ ശേഷി ഡിജിറ്റൽ ലോകത്ത് മാത്രമായിരിക്കും പരിമിതപ്പെടുകയെന്നും, ഭൗതികമായ കാര്യങ്ങളിൽ ഇതിന് പരിമിതികൾ ഉണ്ടാകുമെന്നും മസ്ക് കൂട്ടിച്ചേർത്തു.
ഇന്റർനെറ്റിന്റെ പുതിയ യുഗത്തിൽ സുരക്ഷാ പിഴവുകൾ സ്വയം കണ്ടെത്താനും സിസ്റ്റങ്ങൾ ഹാക്ക് ചെയ്യാനും AI ഏജന്റുകൾക്ക് സാധിക്കുമെന്ന വെർസൽ സിഇഓയുടെ മുന്നറിയിപ്പിനെ തുടർന്നാണ് മസ്കിന്റെ പ്രതികരണം. ഭാവിയെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ് തന്നോട് പറഞ്ഞ കാര്യങ്ങളും മസ്ക് ഓർത്തെടുത്തു. ഹാക്കിംഗ് രംഗത്ത് AI മനുഷ്യനെ മറികടക്കുമെന്ന് പത്ത് വർഷം മുൻപ് തന്നെ ലാറി പേജ് പ്രവചിച്ചിരുന്നതായി മസ്ക് വെളിപ്പെടുത്തി.
നിയന്ത്രണം വിടുന്നോ AI മോഡലുകൾ?
ടെക് കമ്പനികളുടെ AI മോഡലുകൾ സ്വയം നിയന്ത്രണം ഏറ്റെടുക്കുന്ന സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഈ ആശങ്കകൾക്ക് ആക്കം കൂട്ടുന്നു. ഒരു സുരക്ഷാ പരിശോധനയ്ക്കിടെ തങ്ങളുടെ AI ഏജന്റുകൾ നിയന്ത്രണം വിട്ട് യുഎസ് കമ്പനിയായ ‘ഹഗ്ഗിംഗ് ഫേസിന്റെ’ സിസ്റ്റങ്ങൾ ഹാക്ക് ചെയ്തതായി കഴിഞ്ഞ മാസം ഓപ്പൺAI വെളിപ്പെടുത്തിയിരുന്നു. 1,200 ഓളം AI ഏജന്റുകൾ പരസ്പരം രഹസ്യമായി സന്ദേശങ്ങൾ കൈമാറുകയും തുടർന്ന് ഹഗ്ഗിംഗ് ഫേസിനെ ലക്ഷ്യമിടുകയുമായിരുന്നു എന്നാണ് കമ്പനിയുടെ റിപ്പോർട്ട്. ഓപ്പൺAI-ക്ക് പുറമെ ആന്ത്രോപിക്, മെറ്റാ (Meta) എന്നീ പ്രമുഖ കമ്പനികളുടെ AI മോഡലുകളും സമാനമായ രീതിയിൽ അടുത്തിടെ നിയന്ത്രണം വിട്ടതായി റിപ്പോർട്ടുകളുണ്ട്.
Elon Musk says AI will surpass humans by next year; will conquer the digital world















