
ടെഹ്‌റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന് മുകളിൽ പറക്കുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ്റെ റവല്യൂഷണറി ഗാർഡ്സ്. ഇറാൻ്റെ വ്യോമപ്രതിരോധ മിസൈലുകൾ ഉപയോഗിച്ചാണ് യുഎസ് സൈന്യത്തിൻ്റെ MQ-9 ഡ്രോൺ തകർത്തത്. നിയന്ത്രണം നഷ്ടപ്പെട്ട ഡ്രോൺ പേർഷ്യൻ ഗൾഫ് കടലിൽ പതിച്ചതായി ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം.
ഇറാനെ ഒരു കാരണവശാലും ആണവായുധം കൈക്കലാക്കാൻ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് മേഖലയിൽ കനത്ത നയതന്ത്ര-സൈനിക പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഇറാൻ്റെ ആണവപദ്ധതികൾ ഇസ്രായേലിനും പശ്ചിമേഷ്യയ്ക്കും പുറമെ യൂറോപ്പിനും അമേരിക്കയ്ക്കും വലിയ സുരക്ഷാ ഭീഷണിയാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ സൈനിക-സാമ്പത്തിക ഉപരോധങ്ങൾ ഇറാൻ്റെ ശേഷിയെ ഗണ്യമായി ക്ഷയിപ്പിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ നാവികസേന, വ്യോമസേന, സൈനിക നേതൃത്വം, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ടെഹ്‌റാനെ സാമ്പത്തികമായി തളർത്താൻ യുഎസ് നടത്തുന്ന ഉപരോധങ്ങളും സമ്മർദ്ദങ്ങളും ലക്ഷ്യം കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, അമേരിക്കൻ ഉപരോധങ്ങളെ കാറ്റിൽപ്പറത്തിയാണ് ഇറാൻ യുഎസ് ഡ്രോൺ വെടിവെച്ചിട്ടിരിക്കുന്നത്. ഈ സംഭവത്തോടെ പശ്ചിമേഷ്യയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സമാനാവസ്ഥ കൂടുതൽ വഷളാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
Iran shoots down US drone in Strait of Hormuz; fears of war in the region















