
ബിഷ്കെക്: ഭീകരവാദത്തിൻ്റെ മുഴുവൻ ആവാസവ്യവസ്ഥയും തകർക്കണമെന്ന് ആഹ്വാനം ചെയ്തും, ഈ ഗുരുതരമായ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടന്ന 26-ാമത് ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിലെ റൗണ്ട് ടേബിൾ ചർച്ചയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ എന്നിവരടക്കമുള്ള ലോകനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ ശക്തമായ പരാമർശങ്ങൾ.
ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കുന്നവർക്കും അവർക്ക് അഭയവും പിന്തുണയും നൽകുന്ന രാജ്യങ്ങൾക്കും ശക്തമായ സന്ദേശം നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭീകരവാദം ആർക്കും ഒരു ‘തന്ത്രപ്രധാന ആസ്തി’ ആകാൻ കഴിയില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഗോള സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ ലോകമെമ്പാടുമുള്ള ഊർജ്ജ സുരക്ഷയെയും സമുദ്ര വ്യാപാരത്തെയും ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി. ഇത്തരം സംഘർഷങ്ങളുടെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത് ഗ്ലോബൽ സൗത്ത് രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ യുദ്ധങ്ങളും സംഘർഷങ്ങളും യുദ്ധക്കളത്തിലല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു.
ലഹരിമരുന്ന് കടത്ത് വെറും ക്രമസമാധാന പ്രശ്നം മാത്രമല്ല, അത് യുവാക്കൾക്കും പ്രാദേശിക സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് മോദി പറഞ്ഞു. ഇതിനെതിരെ എസ്‌സിഒ രാജ്യങ്ങൾക്കിടയിൽ ശക്തമായ സഹകരണം വേണം. ഓർഗനൈസ്ഡ് ക്രൈം, ലഹരിമരുന്ന് കടത്ത് എന്നിവ നേരിടാൻ എസ്‌സിഒയുടെ കീഴിൽ രൂപീകരിക്കുന്ന കേന്ദ്രങ്ങൾ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപണികളെ ബന്ധിപ്പിക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനുമുള്ള കണക്റ്റിവിറ്റി പദ്ധതികളെ ഇന്ത്യ പിന്തുണയ്ക്കുന്നു. എന്നാൽ ഇത്തരം ശ്രമങ്ങൾ എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിച്ചുകൊണ്ടായിരിക്കണം. വരും കാലങ്ങളിൽ റോഡ്, റെയിൽവേ പാതകൾക്ക് പുറമെ ഡിജിറ്റൽ രേഖകളും കാര്യക്ഷമമായ ലോജിസ്റ്റിക്സ് നെറ്റ്‌വർക്കുകളും ഉൾപ്പെടുത്തി കണക്റ്റിവിറ്റി വിപുലീകരിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ജനങ്ങളുടെ പങ്കാളിത്തമാണ് ഇന്ത്യയുടെ മൂന്നാമത്തെ തൂണായി മോദി ഉയർത്തിക്കാട്ടിയത്. എസ്‌സിഒ സഹകരണത്തിൻ്റെ നേട്ടങ്ങൾ സാധാരണക്കാരായ ജനങ്ങളിലേക്ക്, പ്രത്യേകിച്ച് യുവാക്കൾ, കർഷകർ, സംരംഭകർ എന്നിവരിലേക്ക് നേരിട്ട് എത്തിച്ചേരണമെന്ന് അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയുടെ ഭാഗമായുള്ള ഗ്രൂപ്പ് ഫോട്ടോ സെഷനിൽ പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡൻ്റ് പുടിനുമായും ഹ്രസ്വമായി സംസാരിക്കുകയും കൈകൊടുക്കുകയും ചെയ്തു. ഉച്ചകോടിയുടെ ഭാഗമായി റഷ്യൻ, ഇറാൻ പ്രസിഡൻ്റുമാരുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തിയെങ്കിലും ചൈനീസ് പ്രസിഡൻ്റുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
Terrorism is not a strategic asset for anyone; PM Narendra Modi in strong language, taking Pakistan Prime Minister to witness















