പ്രതിഷേധത്തിൽ പങ്കെടുത്ത രണ്ട് സ്ത്രീകൾക്ക് ഇറാനിൽ വധശിക്ഷ; വിധി മനുഷ്യാവകാശ ലംഘനമെന്ന് സംഘടനകൾ

ടെഹ്‌റാൻ: ഇറാനിൽ ജനുവരിയിൽ നടന്ന ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത രണ്ട് സ്ത്രീകൾക്ക് കോടതി വധശിക്ഷ വിധിച്ചതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാൻ നഗരത്തിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിലാണ് വിധി. പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് സ്ത്രീകൾക്ക് വധശിക്ഷ വിധിക്കുന്നത് ഇതാദ്യമായാണ്.

ഇസ്ഫഹാനിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ ഇരുപതുകാരിയായ തരാനെ റഹീമിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഇതേ കേസിൽ ഉൾപ്പെട്ട തരാനെയുടെ സഹോദരി റൊമീനയ്ക്ക് 36 വർഷം വരെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.

മറ്റൊരു കേസിൽ, പ്രക്ഷോഭത്തിനിടെ കടയ്ക്ക് തീയിട്ടു എന്ന കുറ്റത്തിനാണ് രണ്ട് കുട്ടികളുടെ അമ്മയായ ലൈല അബുൽഹസനി(43)ക്ക് കോടതി മരണശിക്ഷ നൽകിയത്. എന്നാൽ ലൈല സംഭവസ്ഥലത്തുണ്ടായ തീപിടുത്തം ഫോണിൽ പകർത്തുക മാത്രമായിരുന്നുവെന്നാണ് ലൈലയുടെ കുടുംബം വ്യക്തമാക്കുന്നത്.

അതേസമയം, പ്രതികൾക്ക് കൃത്യമായ നിയമസഹായം ലഭ്യമാക്കിയിട്ടില്ലെന്നും കേസ് ഫയലുകൾ പൂർണ്ണമായി പരിശോധിക്കാൻ വക്കീലിന് അനുവാദം നൽകിയില്ലെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇറാൻ ഇതിനകം 29 പുരുഷന്മാരെ വധിച്ചിട്ടുണ്ട്. ഈ വർഷം മറ്റ് കുറ്റകൃത്യങ്ങൾക്ക് 16 സ്ത്രീകൾക്ക് വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെങ്കിലും, രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പേരിൽ സ്ത്രീകൾക്ക് നേരെ വധശിക്ഷ പ്രഖ്യാപിക്കുന്നത് ഇറാനിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Two women who participated in protests were sentenced to death in Iran; organizations say the verdict is a violation of human rights

More Stories from this section

family-dental
witywide