ട്രംപ് ജൂനിയറുടെ വിവാഹ ആഘോഷങ്ങൾ പോലും അന്വേഷണ പരിധിയിൽ, ഡെമോക്രാറ്റുകൾ രണ്ടും കൽപ്പിച്ച്! ലക്ഷ്യമിടുന്നത് ഭരണകൂടത്തിന്‍റെ അഴിമതിയും നയങ്ങളും?

വാഷിംഗ്ടൺ: മിഡ്‌ടേം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തതോടെ, പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടത്തിന് മേൽ കടിഞ്ഞാണിടാൻ ഒരുങ്ങി പുതിയ സഭ. ഡെമോക്രാറ്റുകൾ അധികാരം ഏറ്റെടുക്കുന്നതോടെ ട്രംപ് ഭരണകൂടത്തിന്‍റെ നയങ്ങൾക്കും സാമ്പത്തിക ഇടപാടുകൾക്കുമെതിരെ ശക്തമായ അന്വേഷണങ്ങളും സബ്‌പോണ (Subpoena) നടപടികളും ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.

ട്രംപിന്‍റെ കുടുംബ ബിസിനസ്സ് ഇടപാടുകൾ, കോർപ്പറേറ്റ് അഴിമതികൾ, ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ പ്രവർത്തനങ്ങൾ, ജെഫ്രി എപ്സ്റ്റീൻ അഴിമതി തുടങ്ങിയ പ്രധാന വിഷയങ്ങൾ അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് ഹൗസ് കമ്മിറ്റി ഓൺ ഓവർസൈറ്റ് ആൻഡ് ഗവൺമെന്റ് റിഫോം തലവനാകാൻ ഒരുങ്ങുന്ന പ്രതിനിധി റോബർട്ട് ഗാർഷ്യ വ്യക്തമാക്കി. ട്രംപിന്‍റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറുടെ വിവാഹ ആഘോഷങ്ങൾക്കും, ജാറെഡ് കുഷ്‌നറുടെ ഫണ്ടിനും പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെനറ്റിലും ഹൗസിലും ഭൂരിപക്ഷം ലഭിച്ചെങ്കിലും നിലവിൽ ട്രംപിനെ ഇംപ്ലീച്ച് ചെയ്യുന്നതിനെക്കുറിച്ച് ഡെമോക്രാറ്റുകൾ ചിന്തിക്കുന്നില്ല. രാജ്യത്തെ വിലക്കയറ്റം തടയുക, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക തുടങ്ങിയ വിഷയങ്ങൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഹൗസ് മൈോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് വ്യക്തമാക്കി. അതേസമയം, ഫെഡറൽ ഫണ്ടുകളുടെ വിനിയോഗത്തിലും ബജറ്റ് പ്രക്രിയകളിലും ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഡെമോക്രാറ്റുകൾ ലക്ഷ്യമിടുന്നുണ്ട്.

എന്നാൽ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമങ്ങളാണെന്നുമാണ് വൈറ്റ് ഹൗസിന്‍റെ പ്രതികരണം. ഡെമോക്രാറ്റുകൾ ഏത് തരത്തിലുള്ള അന്വേഷണങ്ങളുമായി മുന്നോട്ട് പോയാലും ഫെഡറൽ സർക്കാരിന്‍റെയും എക്സിക്യൂട്ടീവ് അധികാരങ്ങളുടെയും പൂർണ്ണ നിയന്ത്രണം തങ്ങളുടെ പക്കൽ തന്നെയാണെന്ന് ട്രംപ് ഭരണകൂടം ഓർമ്മിപ്പിച്ചു. പ്രസിഡന്‍റിനുള്ള വീറ്റോ അധികാരവും നിലവിലുള്ളതിനാൽ ഭരണകൂടത്തിന് മേലുള്ള സമ്മർദ്ദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുമെന്നാണ് വൈറ്റ് ഹൗസിന്‍റെ വിലയിരുത്തൽ.

More Stories from this section

family-dental
witywide