
വാഷിംഗ്ടൺ: പൗരന്മാരല്ലെന്ന് സംശയിക്കുന്നവരുടെ വോട്ടുകൾ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് വാഷിംഗ്ടൺ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയ അമേരിക്കൻ നീതിന്യായ വകുപ്പിന് കോടതിൽ നിന്ന് തിരിച്ചടി. പൗരത്വമില്ലാത്തവരുടെ വോട്ടുകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിൽ നിന്നും നീതിന്യായ വകുപ്പിനെ തടഞ്ഞുകൊണ്ട് യുഎസ് ജില്ലാ ജഡ്ജി ജമാൽ വൈറ്റ്ഹെഡ് താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു.
വിശ്വസനീയമല്ലാത്ത ഫെഡറൽ പട്ടികയുടെ അടിസ്ഥാനത്തിൽ വാഷിംഗ്ടണിലെ വോട്ടർമാരുടെ വോട്ടുകൾ മാറ്റിവെക്കുന്നത് വലിയ അനീതിയാണെന്നും, പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുന്ന നടപടിയാണിതെന്നും ജഡ്ജി നിരീക്ഷിച്ചു. വിവിധ സംഘടനകൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പൗരന്മാരല്ലാത്തവരുടെ വോട്ടെടുപ്പ് തടയാൻ നീതിന്യായ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു.
വാഷിംഗ്ടണിൽ പൗരന്മാരല്ലെന്ന് വിശ്വസിക്കുന്ന 400-ലധികം ആളുകളുടെ വോട്ടുകൾ മാറ്റിവെക്കണമെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പട്ടികയിലുള്ള പലരും അമേരിക്കൻ പൗരന്മാരാണെന്നും വലിയൊരു വിഭാഗം ആളുകൾ വോട്ടർമാരായി പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് അധികൃതർ ഇതിന് മറുപടി നൽകിയിരുന്നു. വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിർണ്ണായകമായ വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.













