
വാഷിംഗ്ടൺ: സഹപ്രവർത്തകയുമായുള്ള അവിഹിത ബന്ധത്തെത്തുടർന്ന് കടുത്ത നടപടികൾ നേരിടുന്ന ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ടോണി ഗോൺസാലസ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. തന്നെ പുറത്താക്കാനുള്ള വോട്ടെടുപ്പ് സഭയിൽ നടക്കാനിരിക്കെയാണ് തിങ്കളാഴ്ച അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.
തൻ്റെ കീഴിൽ ജോലി ചെയ്തിരുന്ന റെജീന സാന്റോസ്-അവിലസ് എന്ന യുവതിയുമായി ഗോൺസാലസ് പുലർത്തിയിരുന്ന ബന്ധമാണ് വിവാദങ്ങൾക്ക് ആധാരം.
ലൈംഗിക ചുവയുള്ള ചിത്രങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഗോൺസാലസ് അയച്ച സന്ദേശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. 2025 സെപ്റ്റംബറിൽ റെജീന സ്വയം തീക്കൊളുത്തി ആത്മഹത്യ ചെയ്തതോടെയാണ് വിഷയം വീണ്ടും സജീവമായത്. നേരത്തെ തന്നെ വിവാദത്തിലായ ഗോൺസാലസ്, പാർട്ടി നേതൃത്വത്തിൻ്റെ സമ്മർദ്ദത്തെത്തുടർന്ന് മാർച്ചിൽ തന്നെ വീണ്ടും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പ്രതിനിധി തെരേസ ലെഗർ ഫെർണാണ്ടസ് പ്രമേയം കൊണ്ടുവന്നതോടെയാണ് രാജി അനിവാര്യമായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് രാജിവെച്ചില്ലെങ്കിൽ പുറത്താക്കൽ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു.
സമാനമായ ലൈംഗികാരോപണം നേരിട്ട ഡെമോക്രാറ്റിക് എം.പി എറിക് സ്വാലവെലും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരും സഭ വിട്ടതോടെ ഇവർക്കെതിരെ നടന്നിരുന്ന എത്തിക്സ് കമ്മിറ്റി അന്വേഷണങ്ങൾ അവസാനിക്കും. “എല്ലാറ്റിനും അതിൻ്റേതായ സമയമുണ്ട്, ദൈവം നമുക്കെല്ലാവർക്കും ഓരോ പദ്ധതികൾ നിശ്ചയിച്ചിട്ടുണ്ട്,” എന്നാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് ഗോൺസാലസ് പ്രതികരിച്ചത്.
Texas Republican MP Tony Gonzalez resigns over affair with colleague














