എഐക്ക് പിന്നാലെ പാഞ്ഞ് മൈക്രോസോഫ്റ്റ്; ശമ്പള വർദ്ധനവ് വെട്ടിക്കുറച്ചു, 60,000 ജീവനക്കാർക്ക് ‘ബൈഔട്ട്’ ഓഫർ; ജോലിസ്ഥലം മടുത്തുവെന്ന് ജീവനക്കാരുടെ തുറന്ന കത്ത്

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലൂടെയും പുനഃസംഘടനയിലൂടെയും കടന്നുപോകുന്നതിനിടയിൽ, പ്രമുഖ ഐടി ഭീമനായ മൈക്രോസോഫ്റ്റിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഇന്ത്യ, യു.എസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിലെ 60,000-ത്തോളം ജീവനക്കാർക്ക് കമ്പനി സ്വയം വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ, മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി ജീവനക്കാർ രംഗത്തെത്തി. “മൈക്രോസോഫ്റ്റിലെ ജോലി ഇപ്പോൾ സന്തോഷമില്ലാത്തതും നിരാശാജനകവുമായി മാറിയിരിക്കുന്നു” എന്ന് ചൂണ്ടിക്കാട്ടി നിലവിലുള്ളതും മുൻകാലങ്ങളിലുള്ളതുമായ ജീവനക്കാരുടെ കൂട്ടായ്മ ഒപ്പിട്ട തുറന്ന കത്ത് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

കമ്പനി അന്ധമായി കൃത്രിമ ബുദ്ധി (എഐ) സാങ്കേതികവിദ്യയ്ക്ക് പിന്നാലെ പായുകയാണെന്നും, ഇതിനായി ജീവനക്കാരെയും ഉപഭോക്താക്കളെയും പരിസ്ഥിതി ലക്ഷ്യങ്ങളെയും കമ്പനി ബലികഴിക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നു. ആവശ്യത്തിന് പരിശീലനം നൽകാതെ എല്ലാ മേഖലകളിലും എഐ ടൂളുകൾ നിർബന്ധപൂർവ്വം ഉപയോഗിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുകയാണ്. തന്മൂലം എഐ വരുത്തിവെക്കുന്ന പിഴവുകൾ തിരുത്താൻ ജീവനക്കാർക്ക് ഇരട്ടി ജോലി ചെയ്യേണ്ടി വരുന്നു. നിരന്തരമായ പുനഃസംഘടനകളും ഏതു നിമിഷവും ജോലി നഷ്ടപ്പെടാമെന്ന ഭീതിയും ജീവനക്കാരുടെ മാനസികാരോഗ്യത്തെ തകിടം മറിച്ചതായും ‘കൺസേൺഡ് മൈക്രോസോഫ്റ്റ് വർക്കേഴ്സ്’ പുറത്തുവിട്ട കത്തിൽ പറയുന്നു.

സ്വയം വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കമ്പനി 36.6 ബില്യൺ ഡോളറിന്റെ (ഏകദേശം 32% വർദ്ധനവ്) റെക്കോർഡ് ത്രൈമാസ ലാഭം റിപ്പോർട്ട് ചെയ്തിരുന്നു. എഐ വികസനത്തിനായി മാത്രം ഈ വർഷം 170 ബില്യൺ ഡോളറാണ് മൈക്രോസോഫ്റ്റ് ചിലവിടുന്നത്. എന്നാൽ ഇത്രയും വലിയ ലാഭമുണ്ടായിട്ടും ജീവനക്കാരുടെ വാർഷിക ശമ്പള വർദ്ധനവ് ഒരു ശതമാനത്തിലും താഴെ മാത്രമായി ചുരുക്കി. ശതകോടികൾ എഐക്കായി ഒഴുക്കുമ്പോൾ തങ്ങളെ അവഗണിക്കുന്ന മാനേജ്മെന്റ് നിലപാടിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം പുകയുകയാണ്. വേഗതയും പരീക്ഷണങ്ങളും കാട്ടാത്ത ജീവനക്കാരുടെ സ്റ്റോക്ക് അവാർഡുകൾ വെട്ടിക്കുറച്ചതായും റിപ്പോർട്ടുകളുണ്ട്.

2026-ൽ മൈക്രോസോഫ്റ്റ് നടത്തുന്ന രണ്ടാമത്തെ വലിയ വെട്ടിക്കുറയ്ക്കലാണിത്. ഏപ്രിലിൽ 8,600 പേർക്ക് നേരത്തെ വിരമിക്കൽ നൽകിയ കമ്പനി ജൂലൈയിൽ 4,800 പേരെ പിരിച്ചുവിട്ടിരുന്നു. ഇതിൽ എക്സ്ബോക്സ് വിഭാഗത്തിലെ അഞ്ചിലൊന്ന് ജീവനക്കാരും ഉൾപ്പെടുന്നു.

ഡിസംബർ 9-നകം ബൈഔട്ട് ഓഫർ സ്വീകരിക്കുന്ന ജീവനക്കാർ ഡിസംബർ 31-ഓടെ കമ്പനി വിടും. ഇവർക്ക് എട്ട് ആഴ്ചത്തെ അടിസ്ഥാന ശമ്പളമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജീവനക്കാർ കൂട്ടത്തോടെ പടിയിറങ്ങുമ്പോൾ ബാക്കിയാകുന്ന ജോലിഭാരം തങ്ങളുടെ തലയിലാകുമെന്ന ആശങ്കയിലാണ് നിലവിൽ കമ്പനിയിൽ തുടരുന്നവർ.

Microsoft chases artificial intelligence: cuts salary hikes, offers buyouts to 60,000 employees; staff issue open letter expressing weariness with the workplace.

More Stories from this section

family-dental
witywide