യുഎസിൽ 10 ശാസ്ത്രജ്ഞരെ കാണാതായ സംഭവം അതീവ ഗൗരവതരം; അന്വേഷണത്തിന് ഉത്തരവിട്ട് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയുടെ പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലകളിൽ തന്ത്രപ്രധാനമായ ഗവേഷണങ്ങൾ നടത്തിവന്ന പത്തിലധികം ശാസ്ത്രജ്ഞരെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയം അതീവ ഗൗരവമുള്ളതാണെന്നും വരും ദിവസങ്ങളിൽ കൃത്യമായ മറുപടി നൽകുമെന്നും വൈറ്റ് ഹൗസിൽ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേർന്നതായും അടുത്ത പത്തുദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ട്രംപ് വ്യക്തമാക്കി. 2023 മുതൽ ഏകദേശം 10 ഓളം ശാസ്ത്രജ്ഞരെയും സർക്കാർ ഉദ്യോഗസ്ഥരെയുമാണ് കാണാതാവുകയോ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയോ ചെയ്തത്. ലോസ് അലാമോസ് നാഷണൽ ലബോറട്ടറി, നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, എംഐടിയുടെ പ്ലാസ്മ സയൻസ് ആൻഡ് ഫ്യൂഷൻ സെന്റർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നവരാണ് ഇതിൽ ഭൂരിഭാഗവും.

ആണവായുധങ്ങൾ, ബഹിരാകാശ സാങ്കേതികവിദ്യ, നൂതന ഊർജ്ജ ഗവേഷണം തുടങ്ങിയ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളുമായി ബന്ധപ്പെട്ടവരാണ് ഇവർ. അതിനാൽ തന്നെ വിദേശ ചാരപ്രവൃത്തിക്കോ സുരക്ഷാ വീഴ്ചയ്ക്കോ സാധ്യതയുണ്ടെന്ന ആശങ്ക സുരക്ഷാ ഏജൻസികൾക്കിടയിൽ ഉയർന്നിട്ടുണ്ട്.

റിട്ടയേർഡ് എയർഫോഴ്സ് മേജർ ജനറൽ വില്യം നീൽ മക്കാസ്‌ലാൻഡ് ഉൾപ്പെടെയുള്ള പ്രമുഖരുടെ തിരോധാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇവരിൽ പലരും ഫോണും പേഴ്സും അടക്കമുള്ള അവശ്യവസ്തുക്കൾ വീട്ടിൽ ഉപേക്ഷിച്ചാണ് അപ്രത്യക്ഷരായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിഷയത്തിൽ ബന്ധപ്പെട്ട ഏജൻസികളിൽ നിന്ന് വിവരങ്ങൾ തേടുമെന്നും റിപ്പോർട്ടുകൾ സത്യമാണെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ തിരോധാനത്തിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുണ്ടോ എന്നതും അന്വേഷിക്കും.

The incident of 10 scientists missing in the US is extremely serious; Trump orders an investigation

More Stories from this section

family-dental
witywide