ആൻഡ്രൂസ് അഞ്ചേരി
ഡാലസ്: ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയുടെ സുവർണജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തിയ തിരുമേനിയുടെ സാന്നിധ്യം ഈ ചരിത്ര മുഹൂർത്തത്തിന് ആത്മീയ പ്രൗഢിയും പ്രത്യേക അനുഗ്രഹവും പകരുകയാണ്. അമ്പത് വർഷങ്ങളായി ദൈവകൃപയുടെ സാക്ഷ്യമായി നിലകൊള്ളുന്ന ഈ ഇടവകയുടെ ജൂബിലി ആഘോഷങ്ങൾക്ക് സഭയുടെ പരമാധ്യക്ഷന്റെ സാന്നിധ്യം വലിയ സന്തോഷത്തിന്റെയും അഭിമാനത്തിൻ്റെയും നിമിഷമാണ്. അഭിവന്ദ്യ തിരുമേനിയുമായുള്ള എന്റെ ബന്ധം അദ്ദേഹം മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയായതിന് ശേഷമുള്ളതല്ല; ജോർജ് ജേക്കബ് അച്ചനായി ശുശ്രൂഷ ചെയ്തിരുന്ന കാലം മുതൽ ആരംഭിച്ചതാണ്.
1975 മുതൽ 1979 വരെ അദ്ദേഹം കൊൽക്കത്തെ മാർത്തോമ്മാ ഇടവകയുടെ വികാരിയായിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തെ അടുത്തറിയാനും വിവിധ ശുശ്രൂഷകളിൽ തോളോട് തോൾ ചേർന്ന് സഹകരിക്കാനും എനിക്ക് അവസരം ലഭിച്ചു. ആത്മീയതയും അച്ചടക്കവും വിനയവും ജനങ്ങളോടുള്ള സ്നേഹവും യുവജനങ്ങളോടുള്ള പ്രത്യേക കരുതലും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ ശുശ്രൂഷ ആ കാലഘട്ടത്തെ കൊൽക്കത്ത ഇടവകയുടെ സുവർണകാലമാക്കി മാറ്റി. എന്റെ യുവജനകാലത്തെ രൂപപ്പെടുത്തിയ നിരവധി അനുഭവങ്ങളിൽ തിരുമേനിയുമായുള്ള ഈ അടുപ്പം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിശ്വാസത്തിലും ജീവിതത്തിലും നേതൃത്വത്തിലും അദ്ദേഹം നൽകിയ മാതൃകകൾ ഇന്നും പ്രചോദനമായി തുടരുന്നു.
മഹാകവി രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ ഉപരിപഠനത്തിന് അപേക്ഷ സമർപ്പിക്കാനായി പോകുമ്പോൾ, ജോർജ് ജേക്കബ് അച്ചനോടൊപ്പം യാത്ര ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു. ആ യാത്ര എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ്.യാത്രാമധ്യേ അദ്ദേഹം പങ്കുവെച്ച ഒരു വാക്ക് ഇന്നും എന്റെ ജീവിതത്തിന്റെ വഴികാട്ടിയായി തുടരുന്നു. “നാം മറ്റുള്ളവരെ നമ്മുടെ രണ്ട് കണ്ണുകൾകൊണ്ട് കാണുന്നു. എന്നാൽ നമ്മെ അനേകം കണ്ണുകൾ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന കാര്യം ഒരിക്കലും മറക്കരുത്”. നേതൃത്വത്തിൽ നിൽക്കുന്നവർ സ്വന്തം ജീവിതം മാതൃകയാക്കേണ്ടതിന്റെ ആഴമേറിയ സന്ദേശമായിരുന്നു ആ വാക്കുകൾ.
പിന്നീട് അദ്ദേഹത്തിന്റെ ശുശ്രൂഷാജീവിതത്തിലും സഭാനേതൃത്വത്തിലും ആ സന്ദേശത്തിന്റെ പ്രതിഫലനം കാണാൻ കഴിഞ്ഞു. ഇന്നും മുഖത്ത് സ്വാഭാവികമായൊരു പുഞ്ചിരി വിരിയുന്ന അനുഭവങ്ങളിൽ ഒന്ന് എന്റെ ഓർമയിൽ ഓടി എത്തുന്നു.ഞാൻ ലിബിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന കാലത്ത് എനിക്ക് ലിബിയൻ എയർലൈൻസിൽ ജോലി ലഭിച്ച സന്തോഷവാർത്ത അറിയിക്കാൻ ഞാൻ രണ്ട് ടെലഗ്രാമുകൾ അയച്ചു, ഒന്ന് ഇന്ത്യയിലുള്ള എന്റെ മാതാപിതാക്കൾക്കും മറ്റൊന്ന് കാനഡയിലെ ഒന്റാറിയോയിൽ ഡോക്ടറൽ പഠനം നടത്തിക്കൊണ്ടിരുന്ന ജോർജ് ജേക്കബ് അച്ചനും. ടെലിഗ്രാം ചെന്ന സമയം സ്ഥലത്തില്ലാതിരുന്നതിനാൽ ടെലിഗ്രാം പോഫീസിൽ ചെന്ന് വാങ്ങുവാനുള്ള നോട്ടീസ് വച്ചിട്ട് പോസ്റ്റുമാൻ പോയി.
ഏതാനും ദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പോസ്റ്റ് ഓഫീസിൽ നിന്ന് ടെലഗ്രാം വന്നതായി അറിയിപ്പ് കണ്ട അദ്ദേഹം ദുഃഖവാർത്തയാകുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. ഒരു സുഹൃത്തിനൊപ്പം പോയി അത് കൈപ്പറ്റി ടെലഗ്രാം തുറന്നപ്പോൾ അതിൽ എഴുതിയിരുന്നത് മൂന്ന് വാക്കുകൾ മാത്രം . “Joined Libyan Airlines”. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ പുതിയ ഓഫീസിൽ നിന്ന് അദ്ദേഹത്തെ വിളിച്ചപ്പോൾ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ “മനുഷ്യരെ ഇങ്ങനെ പേടിപ്പിക്കരുതേ!” എന്ന വാക്കുകൾ ഇന്നും എന്റെ മുഖത്ത് ചിരി വിരിയിക്കുന്നു.
വർഷങ്ങൾക്കുശേഷം, തിരുമേനി തിരുവനന്തപുരം-കൊല്ലം ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പായിരിക്കുമ്പോൾ അദ്ദേഹത്തെ സന്ദർശിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. എയ്ഡ്സ് ബാധിതരുടെ മക്കളായ അവഗണിക്കപ്പെട്ട കുട്ടികൾക്കായി ഒരു ഭവനം ആരംഭിക്കണമെന്ന തന്റെ ഹൃദയത്തിലെ ദർശനം അദ്ദേഹം പങ്കുവെച്ചു. ആ ദർശനം യാഥാർഥ്യമാക്കാൻ പിന്തുണ കണ്ടെത്താനുള്ള ആഹ്വാനവും അദ്ദേഹം നൽകി. ആ ദർശനം ഞാൻ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയുടെ ജനറൽ ബോഡിയിൽ അവതരിപ്പിച്ചു. ഇടവക അതിനെ പൂർണ്ണഹൃദയത്തോടെ ഏറ്റെടുക്കുകയും പിന്തുണ നൽകുകയും ചെയ്‌തു. ആ ചെറിയ തുടക്കമാണ് പിന്നീട് മഞ്ഞാലുംമൂട്ടിൽ സ്ഥാപിതമായ സ്നേഹതീരം പദ്ധതിയായി വളർന്നത്. സമൂഹം പലപ്പോഴും മറന്നുപോകുന്ന കുട്ടികൾക്ക് സ്നേഹവും സംരക്ഷണവും പ്രത്യാശയും നൽകുന്ന ഈ ശുശ്രൂഷ, തിരുമേനിയുടെ കരുണയുടെയും ദീർഘദർശനത്തിന്റെയും ജീവിക്കുന്ന സാക്ഷ്യമാണ്. ഈ ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ അനുഗ്രഹങ്ങളിലൊന്നായി ഞാൻ കരുതുന്നു.
വൈദികനായും മെത്രാനായും തുടർന്ന് മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയായും അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് തിരുമേനി നൽകുന്ന നേതൃത്വം ആത്മീയ ആഴത്തിന്റെയും വിനയപൂർവമായ സേവനത്തിന്റെയും ദീർഘദർശനത്തിന്റെയും ഉജ്ജ്വല മാതൃകയാണ്. ദൈവവിളിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും മനുഷ്യസ്നേഹവും സഭയുടെ ദൗത്യത്തോടുള്ള സമർപ്പണവും അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ മുഖമുദ്രകളാണ്. ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയുടെ സുവർണജൂബിലി ആഘോഷങ്ങളിൽ തിരുമേനിയുടെ സാന്നിധ്യം ഈ ചരിത്ര മുഹൂർത്തത്തെ കൂടുതൽ അനുഗ്രഹീതവും അവിസ്മരണീയവുമാക്കുകയാണ്. ആത്മീയനായകനായും സ്നേഹനിധിയായ പിതാവായും അനേകരുടെ ജീവിതത്തെ സ്‌പർശിച്ച അഭിവന്ദ്യ തിരുമേനിക്ക് ഡാളസ് ഹൃദയപൂർവം സ്വാഗതം അർപ്പിക്കുന്നു
The Most Rev. Dr. Geevarghese Mar Theodosius, Metropolitan of the Mar Thoma Church, has arrived in Dallas.













