അമേരിക്ക- ഇറാൻ യുദ്ധം; അമേരിക്ക യുദ്ധക്കുറ്റം ചെയ്തെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് യുഎൻ റിപ്പോർട്ട്

ന്യൂയോർക്ക്: അമേരിക്കയും ഇസ്രായേലും ഫെബ്രുവരി 28-ന് നടത്തിയ സൈനികാക്രമണങ്ങളിൽ അമേരിക്ക യുദ്ധക്കുറ്റം ചെയ്‌തുവെന്നത് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ വസ്‌തുതാന്വേഷണ മിഷന്റെ കണ്ടെത്തൽ. ഇറാനിലെ മിനാബിലെ പ്രൈമറി സ്കൂളിലും ലമേർഡിലെ സ്പോർട്‌സ് കോംപ്ലക്സിലുമുള്ള ഫെബ്രുവരി മാസത്തെ മിസൈൽ ആക്രമണങ്ങൾ ഇൻഡിസ്ക്രിമിനേറ്റ് ആക്രമണമായിരുന്നുവെന്നും സാധാരണക്കാരുടെ മരണത്തിനും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടത്തിനും ഇത് കാരണമായെന്നും ഇറാനെക്കുറിച്ചുള്ള സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ മിഷൻ്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

ബംഗ്ലാദേശി നിയമവിദഗ്ദ്ധ സാറ ഹൊസൈന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘത്തിൽ സ്വതന്ത്ര വിദഗ്ധരും ഉൾപ്പെടുന്നുണ്ട്. യുഎൻ മനുഷ്യാവകാശ സമിതിക്ക് കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. യു.എൻ. അംഗരാജ്യങ്ങളായ 47 രാജ്യങ്ങൾ ഉൾപ്പെടുന്ന കൗൺസിലിന് മുമ്പാകെ വിദഗ്‌ധർ തിങ്കളാഴ്ച തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിനാബിലെ പ്രൈമറി സ്കൂളിൽ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഏകദേശം 120 കുട്ടികളടക്കം 150-ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. എന്നാൽ, ലമേർഡിൽ ആക്രമണം നടത്തിയെന്ന വാദം യുഎസ് മുമ്പ് നിഷേധിച്ചിരുന്നു.

മിനാബിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്നാണ് യുഎസ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് വിശ്വാസ്യതയില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. അതേസമയം, ജനുവരിയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനിടയിൽ ഇറാനിയൻ അധികാരികൾ മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്. ഇറാന്റെ 31 പ്രവിശ്യകളിലും ഞെട്ടിക്കുന്ന കൊലപാതകങ്ങൾ നടന്നു. ഈ റിപ്പോർട്ട് സംബന്ധിച്ച് ഇറാന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല.

എന്നാൽ, വൈറ്റ്ഹൗസ് റിപ്പോർട്ടിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പതിറ്റാണ്ടുകളായി ഗൗരവമില്ലാത്ത അസംബന്ധങ്ങൾ വിളിച്ചുപറയുന്നതല്ലാതെ മനുഷ്യാവകാശത്തിനായി മനുഷ്യാവകാശ സമിതി ‘ഒന്നും ചെയ്‌തിട്ടില്ലെ’ന്ന് വൈറ്റ്ഹൗസ് വക്താവ് അന്ന കെല്ലി പ്രസ്‌താവനയിൽ പറഞ്ഞു. ഈ സംഘർഷത്തിൽ യുദ്ധക്കുറ്റങ്ങൾ ചെയ്ത ഒരേയൊരു വിഭാഗം ഇറാൻ ഭരണകൂടമാണ്. അവർ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തി, വിദേശത്തുള്ള അമേരിക്കക്കാരെ കൊന്നു, ഹോർമുസ് കടലിടുക്കിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തി, അയൽക്കാർക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടുവെന്നും വൈറ്റ് ഹൗസ് വക്താവ് പറയുന്നു.

More Stories from this section

family-dental
witywide