ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്റ്റർ ചെയ്ത ഭീകര ഗൂഢാലോചന കേസിൽ യുഎസ് പൗരനായ മാത്യു ആരോൺ വാൻഡൈക്കിന് ഡൽഹി റൂസ് അവന്യൂ കോടതി ഡിഫോൾട്ട് ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും സമാന തുകയ്ക്കുള്ള ജാമ്യവുമാണ് കോടതി വ്യവസ്ഥ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും ഡൽഹിയിൽ തുടരണമെന്നും നിർദേശമുണ്ട്.
കേസിലെ ആറ് യുക്രെയ്ൻ പൗരന്മാർക്കും ജാമ്യാപേക്ഷ നൽകിയാൽ ഡിഫോൾട്ട് ജാമ്യത്തിന് അവകാശമുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി. വാൻഡൈക്കിനും ആറ് യുക്രെയ്ൻ പൗരന്മാർക്കുമെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) വകുപ്പുകൾ ചുമത്തിയിട്ടില്ല. ആവശ്യമായ അനുമതിയില്ലാതെ മിസോറാമിൽ പ്രവേശിക്കുകയും തുടർന്ന് മ്യാൻമറിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തെന്നാരോപിച്ചാണ് ഏഴ് വിദേശികളെയും അറസ്റ്റ് ചെയ്തത്.
ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ 21, 23 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യുഎപിഎ പ്രകാരമുള്ള കുറ്റം തെളിഞ്ഞാൽ പിന്നീട് അനുബന്ധ കുറ്റപത്രം സമർപ്പിക്കാമെന്ന് എൻഐഎ കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണം തുടരുകയാണെന്നും ഏജൻസി വ്യക്തമാക്കി.
ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ മ്യാൻമറിലെ വംശീയ സായുധ സംഘങ്ങൾക്ക് പരിശീലനം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ഇന്ത്യയിലെയും മ്യാൻമറിലെയും സായുധ സംഘങ്ങൾക്ക് സഹായം നൽകിയതും ഡ്രോൺ പരിശീലനം നൽകിയതും ഉൾപ്പെടെയുള്ള വിപുലമായ ഭീകര ഗൂഢാലോചനയുടെ ഭാഗമായാണ് അന്വേഷണം നടക്കുന്നതെന്ന് എൻഐഎ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസിലെ കുറ്റപത്രം പരിഗണിക്കുന്നത് ഒക്ടോബർ ഒന്നിലേക്ക് കോടതി മാറ്റി.
The Rouse Avenue Court in Delhi has granted default bail to US national Matthew Aaron Van Dyke in a case registered by the National Investigation Agency









