നാടുകടത്തൽ വീഡിയോയിൽ തന്റെ ഗാനം ഉപയോഗിച്ചു; ട്രംപ് ഭരണകൂടത്തിനെതിരെ സ്വീഡിഷ് പോപ്പ് താരം സാറ ലാർസൺ

വാഷിംഗ്‌ടൺ: യുഎസ് ഭരണകൂടത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ അഭയാർത്ഥികളെ നാടുകടത്തുന്ന ദൃശ്യങ്ങൾക്കൊപ്പം തന്റെ പ്രശസ്തമായ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ ശക്തമായ വിമർശനവുമായി സ്വീഡിഷ് പോപ്പ് താരം സാറ ലാർസൺ. വൈറ്റ് ഹൗസിന്റെ ടിക്‌ടോക് ഫീഡിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്‌ക്കെതിരെയാണ് ഗായിക രംഗത്തെത്തിയത്. സംഭവത്തെത്തുടർന്ന് വീഡിയോയിലെ പശ്ചാത്തല സംഗീതം വൈറ്റ് ഹൗസ് നീക്കം ചെയ്‌തെങ്കിലും ദൃശ്യങ്ങൾ ഇപ്പോഴും പേജിലുണ്ട്.

യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ ചേർന്ന് അഭയാർത്ഥികളെ വിലങ്ങുവെച്ച് വാഹനങ്ങളിൽ കയറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സാറ ലാർസന്റെ പ്രശസ്തമായ ‘മിഡ്‌നൈറ്റ് സൺ’ (Midnight Sun) എന്ന ഗാനത്തിലെ വരികളെ മാറ്റിമറിച്ച് “ഒരിക്കലും അവസാനിക്കാത്ത നാടുകടത്തലുകൾ” (never ending deportations) എന്ന അടിക്കുറിപ്പോടെയാണ് വൈറ്റ് ഹൗസ് ഇത് പങ്കുവെച്ചത്.

ഭരണകൂടത്തിന്റെ ഈ നടപടി തികച്ചും “മനുഷ്യാവകാശ ലംഘനവും ക്രൂരവുമാണ്” എന്ന് സാറ ലാർസൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രതികരണ വീഡിയോയിൽ കുറ്റപ്പെടുത്തി. “അഭയാർത്ഥികളായി എത്തിയവർ വെറും ദൃശ്യങ്ങളല്ല, അവർ യഥാർത്ഥ മനുഷ്യരാണ്. മികച്ചൊരു ഭാവിക്കായി കഷ്ടപ്പെടുന്ന സാധാരണക്കാരായ അവരെ നാടുകടത്തുന്നത് വെറുമൊരു ട്രോളോ ‘മീമോ’ ആക്കി ആഘോഷിക്കുന്നത് ഭ്രാന്താണ്,” താരം വ്യക്തമാക്കി. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ ഗാനം ജനങ്ങൾക്കിടയിൽ വിഭജനം ഉണ്ടാക്കാൻ ഉപയോഗിച്ചതായും അവർ ആരോപിച്ചു.

ഗായകരുടെ അനുമതിയില്ലാതെ ട്രംപ് ഭരണകൂടം ഗാനങ്ങൾ ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. മുൻപ് പ്രമുഖ താരങ്ങളായ ടെയ്‌ലർ സ്വിഫ്റ്റ്, ഒലിവിയ റോഡ്രിഗോ, സബ്രീന കാർപെന്റർ, അരിയാന ഗ്രാൻഡെ എന്നിവരും തങ്ങളുടെ സംഗീതം രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഉപയോഗിക്കരുതെന്ന് വൈറ്റ് ഹൗസിന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഒലിവിയ റോഡ്രിഗോയുടെ പരാതിയെത്തുടർന്ന് വൈറ്റ് ഹൗസ് വീഡിയോകൾ നീക്കം ചെയ്യേണ്ടി വന്നിട്ടുമുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Her song was used in a deportation video; Swedish pop star Zara Larsson speaks out against the Trump administration.

More Stories from this section

family-dental
witywide