ഫ്ലോറിഡയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു

ഫ്ലോറിഡ: ഫ്ലോറിഡയിലെ ടൈറ്റസ്‌വില്ലിൽ സ്പേസ് കോസ്റ്റ് റീജിയണൽ എയർപോർട്ടിന് സമീപം ചെറുവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. തിങ്കളാഴ്ചയാണ് ഒറ്റ എൻജിനുള്ള വിമാനം അപകടത്തിൽപ്പെട്ടത്. വിമാനം വൈദ്യുതി ലൈനിൽ ഇടിച്ച ശേഷമാണ് റോഡിലേക്ക് തകർന്നുവീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ടൈറ്റസ്‌വില്ല ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

അപകടത്തിൽപ്പെട്ടത് നാല് പേർക്ക് യാത്ര ചെയ്യാവുന്ന Mooney M20F വിഭാഗത്തിലുള്ള പ്രൊപ്പല്ലർ വിമാനമാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) വ്യക്തമാക്കി. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നതെന്നും അധികൃതർ പറഞ്ഞു. വിമാനം തീപിടിച്ച് റോഡിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് റോഡിന്റെ ഇരുവശത്തുമുള്ള ഗതാഗതം പൂർണമായി അടച്ചു.

പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ഒർലാൻഡോ നഗരത്തിന് ഏകദേശം 64 കിലോമീറ്റർ കിഴക്കായി സംസ്ഥാനത്തിന്റെ കിഴക്കൻ തീരപ്രദേശത്താണ് ടൈറ്റസ്‌വിൽ സ്ഥിതി ചെയ്യുന്നത്. മരിച്ച പൈലറ്റിനെ ഔദ്യോഗികമായി തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അപകടത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുൻകരുതലായി വിച്ഛേദിച്ചതായി ടൈറ്റസ്‌വിൽ പൊലീസ് അറിയിച്ചു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ ഏതാനും മണിക്കൂറുകൾ വേണ്ടിവരുമെന്ന് ഫ്ലോറിഡ പവർ ആൻഡ് ലൈറ്റ് അറിയിച്ചു.

അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും (FAA) സഹകരിക്കുന്നുണ്ട്.ഇതിനിടെ, മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്ക് വിമാനം റൺവേയിൽ നിന്ന് പുറത്തേക്ക് പോയി അപകടത്തിൽപ്പെട്ട് 24 മണിക്കൂർ തികയുന്നതിനുമുമ്പാണ് ഫ്ലോറിഡയിലെ പുതിയ വിമാനാപകടം. Boeing 767-300 വിഭാഗത്തിലുള്ള ആമസോൺ ചരക്ക് വിമാനം റൺവേ മറികടന്ന് റോഡിലേക്ക് കയറി നിരവധി വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

The pilot of a small plane was killed after the single-engine aircraft crashed near Space Coast Regional Airport in Titusville, Florida

More Stories from this section

family-dental
witywide