ന്യൂഡൽഹി: മ്യാൻമറിലെ വംശീയ സായുധ സംഘങ്ങൾക്ക് പരിശീലനം നൽകിയെന്ന കേസിൽ അറസ്റ്റിലായ യുഎസ് പൗരൻ മാത്യു വാൻഡൈക്ക് ഉൾപ്പെടെ ഏഴുപേർക്ക് ഇന്ത്യയ്ക്ക് പുറത്തു തുടരാനുള്ള അനുമതി അടുത്ത വർഷം ഫെബ്രുവരി 24 വരെ ഡൽഹി കോടതി നീട്ടി. ആറ് യുക്രെയ്ൻ പൗരന്മാർക്കൊപ്പമാണ് വാൻഡൈക്കിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മാർച്ചിൽ അറസ്റ്റ് ചെയ്തത്. കേസിലെ വിവിധ വശങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് എൻഐഎ കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് നടപടി.
ഒരു മാസത്തേക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുമതി ലഭിച്ച വാൻഡൈക്ക് വെള്ളിയാഴ്ച കോടതി നടപടികൾക്കായി ഇന്ത്യയിൽ തിരിച്ചെത്തി. എന്നാൽ, ആറ് യുക്രെയ്ൻ പൗരന്മാരും ഇതുവരെ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടില്ല. ഇന്ത്യയിൽ തിരിച്ചെത്തിയാൽ 72 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാകണമെന്ന് കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവിൽ വാൻഡൈക്കിനോട് നിർദേശിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് വാൻഡൈക്കിനും ആറ് യുക്രെയ്ൻ പൗരന്മാർക്കും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ കോടതി അനുമതി നൽകിയത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) കർശന വ്യവസ്ഥകൾ പ്രകാരമായിരുന്നു ഏഴുപേരുടെയും അറസ്റ്റ്. എന്നാൽ, സെപ്റ്റംബറിൽ സമർപ്പിച്ച കുറ്റപത്രത്തിൽനിന്ന് എൻഐഎ ഈ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കി. കുടിയേറ്റ, വിദേശി നിയമപ്രകാരമുള്ള കുറ്റങ്ങൾ മാത്രമാണ് ഏഴുപേർക്കുമെതിരെ എൻഐഎ കുറ്റപത്രത്തിൽ ചുമത്തിയത്. പിഴയടച്ച് ഒത്തുതീർപ്പാക്കാവുന്ന കുറ്റങ്ങളാണിവ. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് തുക വാൻഡൈക്ക് അടച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം കോടതി അദ്ദേഹത്തിന് ഡിഫോൾട്ട് ജാമ്യം അനുവദിച്ചിരുന്നു.
Matthew VanDyke, US national held in Myanmar arms training case, allowed longer stay outside India by Delhi court












