യുഎസിൽ കോവിഡ് പരിശോധനാ തട്ടിപ്പ്: ഇന്ത്യൻ വംശജനായ ലാബ് ഉടമയ്ക്കെതിരെ കേസ്, നടത്തിയത് 66.2 കോടി ഡോളറിൻ്റെ തട്ടിപ്പ്

വാഷിങ്ടൺ: നടത്താത്ത 3.8 ലക്ഷം കോവിഡ് പരിശോധനകൾക്ക് പണം ആവശ്യപ്പെട്ട് 66.2 കോടി ഡോളറിന്റെ (ഏകദേശം 628.7 കോടി രൂപ) തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഇന്ത്യൻ വംശജനായ ലാബ് ഉടമയ്ക്കെതിരെ യുഎസിൽ കേസ്. ഇല്ലിനോയിസിലെ രാജേഷ് ‘രാജ്’ പട്ടേൽ (52) ആണ് പ്രതി. അഞ്ച് തട്ടിപ്പ് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഓരോ കുറ്റത്തിനും 20 വർഷം വരെ തടവുശിക്ഷ ലഭിക്കാം.

2021 മേയ് മുതൽ 2022 ഏപ്രിൽ വരെ മെറിഡിയൻ മെഡിക്കൽ സ്റ്റാഫിങ് ഇൻകുമായി ബന്ധപ്പെട്ട സാമ്പിളുകളിൽ 3.8 ലക്ഷം വ്യാജ നെഗറ്റീവ് പരിശോധനാഫലങ്ങൾ സൃഷ്ടിച്ചെന്നാണ് പട്ടേലിനെതിരായ ആരോപണം. തുടർന്ന് ഇൻഷുറൻസില്ലാത്തവരുടെ കോവിഡ് പരിശോധനാ ചെലവ് വഹിക്കുന്ന ഫെഡറൽ പദ്ധതിയിൽനിന്ന് പണം ആവശ്യപ്പെട്ടു.

അമേരിക്കയിലെ ഹിൽസൈഡിലുള്ള ക്ലിനിക്കൽ ലബോറട്ടറിയുടെ സഹഉടമയും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായിരുന്നു പട്ടേൽ. കോവിഡ് മഹാമാരിക്കാലത്ത് പിസിആർ പരിശോധനകൾ നടത്തിയിരുന്ന ലാബ്, 2021 മാർച്ചിൽ മെറിഡിയൻ മെഡിക്കൽ സ്റ്റാഫിങ് ഇൻകുമായി കരാറിലേർപ്പെട്ടിരുന്നു. പരിശോധനാ സാമ്പിളുകളും രോഗികളുടേതെന്ന് അവകാശപ്പെട്ട ജൈവവിവരങ്ങളും ശേഖരിക്കാനായി മെറിഡിയന് കോടിക്കണക്കിന് ഡോളർ നൽകിയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇവരിൽ പലരും യഥാർഥത്തിൽ നിലവിലില്ലാത്തവരോ സാമ്പിളുകൾ നൽകിയിട്ടില്ലാത്തവരോ ആയിരുന്നുവെന്നാണ് കണ്ടെത്തൽ.

വ്യാജ ബില്ലുകളിലൂടെ 66.2 കോടി ഡോളർ ആവശ്യപ്പെട്ട ലാബിന് 44.1 കോടി ഡോളറോളം ലഭിച്ചു. ഇതിൽനിന്ന് പട്ടേൽ വ്യക്തിപരമായി 28 കോടി ഡോളറിനടുത്ത് കൈപ്പറ്റിയെന്നും യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. “ആഗോള പ്രതിസന്ധിയെ വ്യക്തിപരമായ നേട്ടത്തിനായി പ്രതി ദുരുപയോഗം ചെയ്തെന്നാണ് ആരോപണം. ലക്ഷക്കണക്കിന് കോവിഡ് പരിശോധനാഫലങ്ങൾ വ്യാജമായി സൃഷ്ടിച്ചശേഷം നികുതിദായകരിൽനിന്ന് പണം ആവശ്യപ്പെടുകയായിരുന്നു,” നീതിന്യായ വകുപ്പിലെ തട്ടിപ്പ് വിഭാഗം അസിസ്റ്റന്റ് അറ്റോർണി ജനറൽ കോളിൻ എം. മക്ഡൊണാൾഡ് പറഞ്ഞു.

സർക്കാർ ധനസഹായം വ്യക്തിപരമായ ലാഭത്തിനായി നിയമവിരുദ്ധമായി കൈപ്പറ്റുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നത് എഫ്ബിഐയുടെ പ്രധാന മുൻഗണനയാണെന്ന് ഷിക്കാഗോയിലെ എഫ്ബിഐ ഉദ്യോഗസ്ഥൻ റയാൻ വേലൻ വ്യക്തമാക്കി. ഫെഡറൽ ആരോഗ്യപരിചരണ പദ്ധതികളിലും സ്വകാര്യ ഇൻഷുറൻസ് സ്ഥാപനങ്ങളിലും 4500 കോടി ഡോളറിലധികം തുകയുടെ തട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് 2007 മുതൽ 6,200ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.

Indian-origin lab owner charged in US over $66 million Covid test fraud scheme: ‘Exploited crisis for personal gain’

More Stories from this section

family-dental
witywide