‘എച്ച്-1ബി വിസയും ഗൂഗിൾ ജോലിയും സ്വപ്നസാഫല്യമെന്ന് കരുതി; പിരിച്ചുവിടൽ എല്ലാം മാറ്റിമറിച്ചു’: ടെക്കിയുടെ അനുഭവക്കുറിപ്പ് വൈറൽ

കാലിഫോർണിയ: എച്ച്-1ബി വിസ നേടുന്നതും ഗൂഗിളിൽ ജോലി ലഭിക്കുന്നതും നിരവധി ടെക് പ്രൊഫഷണലുകളുടെ സ്വപ്നമാണ്. എന്നാൽ ചൈനീസ് സോഫ്റ്റ്‌വെയർ എൻജിനീയറായ ഗു യിച്ചെന് ആ രണ്ട് നേട്ടങ്ങളും താൻ കരുതിയത്ര സുരക്ഷിതമായിരുന്നില്ലെന്ന് അനുഭവം പഠിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു. ബിസിനസ് ഇൻസൈഡറിൽ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പിലാണ് നിലവിൽ കാലിഫോർണിയയിൽ താമസിക്കുന്ന 31-കാരൻ തന്റെ ജീവിതം മാറ്റിമറിച്ച ഗൂഗിളിലെ പിരിച്ചുവിടലിനെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇപ്പോൾ ആമസോണിൽ എച്ച്-1ബി വിസയിലൂടെയാണ് അദ്ദേഹം വീണ്ടും ജോലി ചെയ്യുന്നത്.

ഹൈസ്കൂൾ പഠനകാലത്ത് വാഷിങ്ടൺ സംസ്ഥാനത്ത് എക്സ്ചേഞ്ച് വിദ്യാർഥിയായിരുന്ന ഗു, പിന്നീട് ചൈനയിലെ കടുത്ത മത്സരമുള്ള കോളജ് പ്രവേശന പരീക്ഷ എഴുതുന്നതിനുപകരം അമേരിക്കയിൽ തന്നെ ഉന്നതവിദ്യാഭ്യാസം തുടരാൻ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനമാണ് പിന്നീട് അമേരിക്കയിൽ കരിയർ കെട്ടിപ്പടുക്കാൻ വഴിയൊരുക്കിയതെന്ന് അദ്ദേഹം പറയുന്നു. ഇല്ലിനോയിസ് സർവകലാശാലയിലെ ഉർബാന-ഷാംപെയ്ൻ ക്യാമ്പസിൽ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് പഠിച്ച ഗു, പഠനകാലത്ത് ആമസോണിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി. 2017-ൽ ബിരുദം നേടിയ ശേഷം ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) വിസയിൽ ആമസോണിൽ മുഴുവൻ സമയ ജോലിയിൽ പ്രവേശിച്ചു.

STEM ബിരുദധാരിയായതിനാൽ എച്ച്-1ബി വിസ ലോട്ടറിയിൽ മൂന്ന് തവണ അവസരം ലഭിച്ചെന്നും മൂന്നാം ശ്രമത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലമായതിനാൽ വിസ നടപടികൾ പൂർത്തിയാക്കാൻ ചൈനയിലേക്ക് മടങ്ങേണ്ടിവന്നതിനെ തുടർന്ന് ഒരു വർഷത്തോളം ആമസോണിനായി വിദൂരമായി ജോലി ചെയ്യേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി. 2022-ൽ ഗൂഗിളിൽ ജോലി ലഭിച്ചത് തന്റെ കരിയറിലെ വലിയ നേട്ടമായിരുന്നുവെന്ന് ഗു ഓർക്കുന്നു. അക്കാലത്ത് ടെക് കമ്പനികൾ വൻതോതിൽ നിയമനം നടത്തുകയും മികച്ച ശമ്പള പാക്കേജുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഭാവി അനിശ്ചിതമാണെന്നും ആമസോൺ വിടരുതെന്നും മുൻ മാനേജർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഗു വെളിപ്പെടുത്തി. എന്നിരുന്നാലും ചെറുപ്പത്തിൽ തന്നെ പുതിയ അവസരം പരീക്ഷിക്കണമെന്ന ചിന്തയിലാണ് ഗൂഗിളിലേക്ക് മാറിയതെന്ന് അദ്ദേഹം പറഞ്ഞു.

ജോലിയിൽ പ്രവേശിച്ച സമയത്ത് പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് ഗൂഗിളിലെ എച്ച്ആർ വിഭാഗം ഉറപ്പ് നൽകിയിരുന്നെങ്കിലും, ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി തന്റെ ടീം പ്രവർത്തിക്കാനിരുന്ന പരീക്ഷണാത്മക പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ക്രിസ്മസ് സമയത്താണ് ജോലിയിൽ പ്രവേശിച്ചതെന്നും 2023 ജനുവരിയിൽ തന്നെ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതായും ഗു പറഞ്ഞു. “ഒരു ദിവസം പോലും യഥാർഥ ജോലി ചെയ്യാൻ കഴിഞ്ഞില്ല. മുൻ മാനേജർ പറഞ്ഞത് ശരിയായിരുന്നുവെന്ന് അപ്പോൾ മനസ്സിലായി,” അദ്ദേഹം കൂട്ടിച്ചേർത്തു.

എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്നവരുടെ വെല്ലുവിളിയും ഈ അനുഭവം തുറന്നുകാട്ടിയെന്ന് ഗു പറഞ്ഞു. ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിലുടമയെ കണ്ടെത്താൻ 60 ദിവസത്തെ സമയം മാത്രമാണ് ലഭിക്കുക. അതിനുള്ളിൽ സാധിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടിവരും. ഗൂഗിളിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ടെങ്കിലും ഒഴിവുകൾ കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് ജോലി അന്വേഷിക്കുന്നതിനുപകരം അദ്ദേഹം ചൈനയിലേക്ക് മടങ്ങി. ഗൂഗിളിലെ മുൻ ജീവനക്കാരനെന്ന നിലയിൽ വീണ്ടും നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആ തീരുമാനമെന്ന് അദ്ദേഹം വിശദീകരിച്ചു.

അവസാനം ആമസോണിലെ മുൻ സഹപ്രവർത്തകർ പഴയ ടീമിൽ ഒഴിവുണ്ടെന്ന് അറിയിച്ചതോടെയാണ് വീണ്ടും ആമസോണിൽ ചേർന്നത്. ഇതോടെ പുതിയ എച്ച്-1ബി അപേക്ഷ നൽകാതെ നിലവിലുള്ള വിസ അനുമതി തുടർന്നുപയോഗിക്കാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.

നിലവിൽ അമേരിക്കൻ ഗ്രീൻ കാർഡിനും അപേക്ഷ നൽകിയിട്ടുണ്ടെന്ന് ഗു വ്യക്തമാക്കി. ഐ-140 അനുമതി ലഭിച്ചാൽ എച്ച്-1ബി വിസ അനിശ്ചിതകാലത്തേക്ക് പുതുക്കാനാകുമെന്നും അതിലൂടെ വ്യക്തിജീവിതത്തിലും കരിയറിലും കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഭാവിയിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാനോ പാചകപരിശീലനം നേടാനോ ആഗ്രഹമുണ്ടെന്നും ഗു പറഞ്ഞു.

ഗൂഗിളിലെ അനുഭവം വിജയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും മാറ്റിയെന്ന് അദ്ദേഹം പറയുന്നു. അമേരിക്കയിലെ തൊഴിൽസംസ്കാരം തനിക്ക് കൂടുതൽ അനുയോജ്യമാണെന്നും ജോലി കൃത്യമായി പൂർത്തിയാക്കിയാൽ പകൽ ജോലിയാണോ രാത്രിയാണോ എന്നതൊന്നും അവിടെ പ്രശ്നമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം പരീക്ഷണാത്മക പദ്ധതികളിൽ പ്രവർത്തിക്കാനാണ് തനിക്ക് താൽപര്യമെങ്കിലും കമ്പനികൾ സാധാരണയായി പ്രധാന ഉൽപ്പന്നങ്ങൾക്കും സ്ഥിരതയുള്ള ടീമുകൾക്കുമാണ് മുൻഗണന നൽകുന്നതെന്ന് ഗൂഗിളിലെ അനുഭവം മനസ്സിലാക്കിത്തന്നതായും അദ്ദേഹം പറഞ്ഞു.

“എന്റെ ഏറ്റവും വലിയ പാഠം, കരിയറിലെ വിജയം പലപ്പോഴും വ്യക്തിപരമായ പരിശ്രമം മാത്രമല്ല, ശരിയായ സമയവും സാഹചര്യങ്ങളും കൂടി തീരുമാനിക്കുന്ന ഒന്നാണെന്നതാണ്. നമ്മുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങൾ എത്രയോ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ കൂടുതൽ യാഥാർഥ്യബോധമുള്ള ആളായി,” ഗു പറഞ്ഞു.

‘Thought the H-1B visa and Google job were a dream come true; layoffs changed everything’: Techie’s account goes viral.

More Stories from this section

family-dental
witywide