ബ്രിട്ടനിലെ മൃഗശാലയിൽ മൂന്ന് വയസ്സുകാരനെ മുതലക്കൂട്ടിലേക്ക് എറിഞ്ഞു; യുവാവ് അറസ്റ്റിൽ, കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ലണ്ടൻ: കിഴക്കൻ ഇംഗ്ലണ്ടിലെ പ്രശസ്തമായ ഒരു മൃഗശാലയിൽ മൂന്ന് വയസ്സുകാരനായ ആൺകുട്ടി മുതലകളുടെ എൻക്ലോഷറിനുള്ളിൽ (കൂട്) അകപ്പെട്ട് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ കൊലപാതക ശ്രമത്തിന് 30 വയസ്സുകാരനായ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേംബ്രിഡ്ജ്ഷെയറിലെ ഹണ്ടിംഗ്ഡണിലുള്ള ‘ജോൺസൺസ് ഓഫ് ഓൾഡ് ഹർസ്റ്റ്’ എന്ന ഫാമും മൃഗശാലയും ഉൾപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രത്തിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. മുതലക്കൂട്ടിൽ വീണ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നാണ് കേംബ്രിഡ്ജ്ഷെയർ പൊലീസ് നൽകുന്ന വിവരം.

അറസ്റ്റിലായ യുവാവും പരുക്കേറ്റ കുട്ടിയും തമ്മിൽ മുൻപരിചയമില്ലെന്നും ഇയാൾ പൂർണ്ണമായും ഒരു അപരിചിതനാണെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയെ മനഃപൂർവ്വം മുതലക്കൂട്ടിലേക്ക് തള്ളിയിട്ടതാണെന്ന സംശയത്തിലാണ് ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവം നടക്കുമ്പോൾ മൃഗശാലയിലുണ്ടായിരുന്ന ദൃക്‌സാക്ഷികളിൽ നിന്നും ജീവനക്കാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഡിറ്റക്ടീവ് ഇൻസ്പെക്ടർ വെരിറ്റി മക്കാൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, ഇതൊരു സങ്കീർണ്ണമായ ക്രിമിനൽ അന്വേഷണമായതിനാൽ സോഷ്യൽ മീഡിയയിലൂടെ ആരും തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്ന് ഹണ്ടിംഗ്ഡൺ പാർലമെൻ്റ് അംഗം ബെൻ ഒബീസെ-ജെക്റ്റി അഭ്യർത്ഥിച്ചു. അപകടത്തെത്തുടർന്ന് മൃഗശാലയിലെ മുതലകളും മറ്റ് ഉരഗങ്ങളുമുള്ള ‘ട്രോപ്പിക്കൽ ഹൗസ്’ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു.

Three-year-old boy thrown into crocodile enclosure at UK zoo; Man arrested, child in critical condition

More Stories from this section

family-dental
witywide