
ജറുസലേം: ഗാസ സമാധാന പദ്ധതി പരസ്യമായി തള്ളിക്കളഞ്ഞ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നടപടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കേവലമൊരു രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് അദ്ദേഹത്തിന്റെ മുൻ ഉപദേഷ്ടാവ് മിച്ചൽ ബരാക്. ഇത് നെതന്യാഹുവിന്റെ അന്തിമ നിലപാടല്ലെന്നും വെറുമൊരു ‘ആരംഭ നിലപാട്’ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അധികകാലം ആയുസ്സില്ലാത്ത തീവ്ര വലതുപക്ഷ മന്ത്രിസഭായോഗത്തിലാണ് നെതന്യാഹു ഈ പ്രഖ്യാപനം നടത്തിയത്. വാഷിംഗ്ടണിനെ വെല്ലുവിളിക്കുന്നതിനേക്കാൾ ഉപരി, സ്വന്തം രാഷ്ട്രീയ അടിത്തറയും വലതുപക്ഷ വോട്ടർമാരെയും തൃപ്തിപ്പെടുത്താനാണ് അദ്ദേഹം ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്. വൈകാതെ തന്നെ ഇസ്രായേൽ ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കുമെന്നാണ് താൻ ഇപ്പോഴും കരുതുന്നതെന്ന് ബരാക് കൂട്ടിച്ചേർത്തു.
അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ ഉണ്ടായ ശാശ്വതമായ വിള്ളലല്ല ഇത്. ഹമാസിന്റെ നിരായോധീകരണവുമായി ബന്ധപ്പെട്ട സമയക്രമത്തിന്റെയും മുൻഗണനകളുടെയും കാര്യത്തിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ലോക നേതാക്കളിൽ ട്രംപുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി എന്ന പ്രതിച്ഛായയാണ് നെതന്യാഹുവിന്റെ പ്രധാന രാഷ്ട്രീയ കരുത്ത്. ആ വലിയ ആനുകൂല്യവും ബന്ധവും നഷ്ടപ്പെടുത്താൻ നെതന്യാഹു ഒരിക്കലും ആഗ്രഹിക്കില്ലെന്നും മിച്ചൽ ബരാക് നിരീക്ഷിച്ചു.















