
ഗാസ: ഗാസ വെടിനിർത്തൽ കരാറിന്‍റെ രണ്ടാം ഘട്ടത്തിനായുള്ള 15 ഇന പദ്ധതി നടപ്പിലാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പലസ്തീൻ സായുധ സംഘടനയായ ഹമാസ് വ്യക്തമാക്കി. ടെലഗ്രാമിലൂടെ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് സംഘടന തങ്ങളുടെ നിലപാട് പരസ്യമാക്കിയത്. പലസ്തീനികൾക്ക് നേരെയുള്ള ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുക, ഇസ്രായേൽ സേനയുടെ പിൻവാങ്ങൽ, അതിർത്തി കവാടങ്ങൾ തുറക്കൽ, ദുരിതാശ്വാസ സഹായങ്ങളുടെയും താൽക്കാലിക പാർപ്പിട സാമഗ്രികളുടെയും പുനർനിർമ്മാണ സാമഗ്രികളുടെയും തടസ്സമില്ലാത്ത വരവ് എന്നിവ ഉറപ്പാക്കിക്കൊണ്ട് കരാർ പൂർണ്ണമായി നടപ്പിലാക്കാനാണ് ഇപ്പോൾ മുൻഗണന നൽകേണ്ടതെന്ന് ഹമാസ് കൂട്ടിച്ചേർത്തു.
സമാധാന പ്രക്രിയയെ തകർത്തേക്കാവുന്ന തരത്തിലുള്ള ലംഘനങ്ങളോ വീഴ്ചകളോ ഉണ്ടാകാതിരിക്കാൻ മധ്യസ്ഥ രാജ്യങ്ങളും ഉറപ്പുനൽകിയ രാജ്യങ്ങളും തങ്ങളുടെ ഉത്തരവാദിത്തം നിർവ്വഹിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.തങ്ങളുടെ ജനങ്ങളുടെ ദുരിതങ്ങൾക്ക് പൂർണ്ണ പരിഹാരം കാണുന്ന രീതിയിൽ ഈ കരാർ വിജയകരമായി പൂർത്തിയാക്കാൻ നേർവഴിയിലുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഇടപെടലുകൾ തുടരുമെന്നും ഹമാസ് വ്യക്തമാക്കി.
അതേസമയം, ഹമാസിനെ പൂർണമായും നിരായുധീകരിക്കുന്നതുവരെ ഗാസയിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ഇസ്രായേലിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷികളെപ്പോലും എതിർക്കാൻ മടിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇതോടെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയോട് ഇസ്രായേൽ എതിർപ്പ് പരസ്യമാക്കി.















