
ടെഹ്റാൻ: അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിൽ കടുത്ത ജാഗ്രതയോടെയുള്ള സമീപനം സ്വീകരിച്ച് ഇറാൻ. യുഎസ് ഭരണകൂടത്തിന്റെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും വാഗ്ദാനങ്ങളിലും പ്രഖ്യാപനങ്ങളിലും പൂർണ വിശ്വാസമില്ലെന്ന് വ്യക്തമാക്കുന്ന നിലപാടുകളാണ് ഇറാന്റെ ഭാഗത്തുനിന്ന് പുറത്തുവരുന്നത്. മുൻകാല കരാറുകൾക്കിടെ പോലും അമേരിക്കയുടെ ഭാഗത്തുനിന്ന് ആക്രമണങ്ങളും സമ്മർദങ്ങളും നേരിടേണ്ടിവന്ന പശ്ചാത്തലത്തിലാണ് ഇത്തവണ ചർച്ചകളിൽ ഇറാൻ കൂടുതൽ മുൻകരുതൽ സ്വീകരിക്കുന്നത്.
അമേരിക്ക കരാറുകളോടും നൽകിയ ഉറപ്പുകളോടും കൃത്യമായ പ്രതിബദ്ധത പുലർത്തുന്നില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തുറന്നടിച്ചു. മുൻകാലങ്ങളിലെ അമേരിക്കൻ നടപടികൾ മൂലമുണ്ടായ നഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ട്. നയതന്ത്ര ചർച്ചകളിൽ മുന്നോട്ടുപോകുന്നതിന് മുമ്പ് ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി.
മസ്കറ്റിലും ടെഹ്റാനിലും നടക്കുന്ന നിലവിലെ ചർച്ചകൾ അമേരിക്കയും ഇറാനും തമ്മിലുള്ള ഭാവി നയതന്ത്ര ബന്ധങ്ങൾക്ക് വഴിയൊരുക്കാനുള്ള പ്രാഥമിക ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ആണവ പദ്ധതി, ഉപരോധം, മുൻകാല ആക്രമണങ്ങൾ, പരസ്പര സുരക്ഷാ ആശങ്കകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും കടുത്ത ഭിന്നത തുടരുകയാണ്.
അമേരിക്കയുടെ വാഗ്ദാനങ്ങളിൽ ഇറാൻ എത്രത്തോളം വിശ്വാസം അർപ്പിക്കുമെന്നതും, നഷ്ടപരിഹാരമെന്ന ആവശ്യത്തിൽ വാഷിംഗ്ടൺ എങ്ങനെ പ്രതികരിക്കുമെന്നതും നിർണായകമാണ്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ ചർച്ചകൾ ഏത് ദിശയിലേക്ക് നീങ്ങുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.















