
വാഷിംഗ്ടൺ: അമേരിക്കയിലെ ഒഹായോയിലുണ്ടായ കാർ അപകടത്തിൽ 17 വയസ്സുകാരിയായ ഗർഭിണി മരിച്ച സംഭവത്തിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. 33 കാരനായ തർസെം സിംഗ് എന്ന ഇന്ത്യൻ പൗരനെതിരെയാണ് നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.
അപകടത്തിൽ കൊല്ലപ്പെട്ട ആഷ്‌ലി ഹോംസ് എന്ന 17-കാരിയുടെയും ഗർഭസ്ഥ ശിശുവിൻ്റെയും മരണത്തിന് ഉത്തരവാദിയായ പ്രതി അമേരിക്കയിൽ തുടരുന്നത് താൻ ആഗ്രഹിക്കുന്നില്ലെന്ന് ആഷ്‌ലിയുടെ അമ്മ അനെറ്റ് ഹോംസ് മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി 16-നായിരുന്നു യുഎസിനെ നടുക്കിയ അപകടം നടന്നത്. അനുവദനീയമായതിലും കൂടുതൽ വേഗത്തിൽ സഞ്ചരിച്ച സിംഗിൻ്റെ റേഞ്ച് റോവർ കാർ നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ വാഹനം നിർത്താതെ അമിതവേഗതയിൽ മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന് പൊലീസ് പിന്തുടരുന്നതിനിടെ, മണിക്കൂറിൽ 120 മൈലിലധികം വേഗതയിൽ പായുകയായിരുന്ന കാർ എതിർദിശയിൽ വന്ന ജീപ്പിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ പലതവണ മറിഞ്ഞ കാറിൽ നിന്നും തെറിച്ചുവീണ ആഷ്‌ലി സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ല. പരിക്കേറ്റ സിംഗിനെ പിന്നീട് എയർലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലെത്തിച്ചത്.
2017 ഫെബ്രുവരിയിൽ കാലിഫോർണിയ അതിർത്തി വഴി അനധികൃതമായാണ് തർസെം സിംഗ് അമേരിക്കയിൽ പ്രവേശിച്ചതെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. അന്ന് അറസ്റ്റിലായ ഇയാളെ പിന്നീട് ബോണ്ടിൽ വിട്ടയച്ചിരിക്കുകയായിരുന്നു. ആഷ്‌ലിയുടെ വയറ്റിൽ വളർന്നിരുന്ന കുഞ്ഞിൻ്റെ പിതാവ് സിംഗാണെന്നും, ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ ആഷ്‌ലി പലതവണ ശ്രമിച്ചിരുന്നതായും പെൺകുട്ടിയുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ 10 ലക്ഷം ഡോളറിൻ്റെ ബോണ്ടിൽ റിമാൻഡിൽ കഴിയുന്ന സിംഗിനെതിരെ ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളുടെ വിചാരണ വരും ദിവസങ്ങളിൽ നടക്കും. വിചാരണ പൂർത്തിയാകുന്നതോടെ ഇയാളെ നാടുകടത്തൽ നടപടികൾക്ക് വിധേയനാക്കിയേക്കും.
Tragic accident in Ohio: Family demands deportation of Indian citizen in case of death of pregnant teenager















