സ്പിരിറ്റ് എയർലൈൻസിനെ രക്ഷിക്കാൻ ട്രംപ് ഭരണകൂടം; പ്രതിരോധ നിയമം പ്രയോഗിക്കാൻ ആലോചന

വാഷിംഗ്ടൺ: സാമ്പത്തിക പ്രതിസന്ധിയിൽ തകർച്ചയുടെ വക്കിലെത്തിയ സ്പിരിറ്റ് എയർലൈൻസിനെ സംരക്ഷിക്കാൻ അടിയന്തര ഇടപെടലുമായി ട്രംപ് ഭരണകൂടം. പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ‘ഡിഫൻസ് പ്രൊഡക്ഷൻ ആക്ട്’ പ്രയോഗിച്ച് വിമാനക്കമ്പനിയെ തകർച്ചയിൽ നിന്ന് കരകയറ്റാനാണ് വൈറ്റ് ഹൗസ് നീക്കം നടത്തുന്നത്. 7,500ഓളം വരുന്ന ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനായി ഏത് തരം ഫെഡറൽ നടപടികൾക്കും താൻ തയ്യാറാണെന്ന് പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

500 ദശലക്ഷം ഡോളർ കുറഞ്ഞ പലിശ നിരക്കിൽ വിമാനക്കമ്പനിക്ക് വായ്പ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് പകരമായി കമ്പനിയുടെ 90 ശതമാനം ഓഹരികളും സർക്കാർ നിയന്ത്രണത്തിലാകും. സൈനികരെയും യുദ്ധസാമഗ്രികളും കടത്തുന്നതിനായി സ്പിരിറ്റ് എയർലൈൻസിൻ്റെ വിമാനങ്ങൾ പെന്റഗണിന് വിട്ടുനൽകുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കുന്നത്. പിന്നീട് സാഹചര്യം മെച്ചപ്പെടുമ്പോൾ കമ്പനിയെ മറ്റൊരു വിമാനക്കമ്പനിക്ക് വിൽക്കാനും പദ്ധതിയുണ്ട്.

ജെറ്റ് ബ്ലൂവുമായുള്ള ലയനം ബൈഡൻ ഭരണകൂടം തടഞ്ഞതും ഇന്ധനവില വർദ്ധനവുമാണ് സ്പിരിറ്റ് എയർലൈൻസിനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് തവണ പാപ്പരത്തം പ്രഖ്യാപിച്ച കമ്പനി, കഴിഞ്ഞ ദിവസം പലിശ തിരിച്ചടവ് കൂടി മുടങ്ങിയതോടെ ലിക്വിഡേഷൻ ഭീഷണിയിലാണ്. ഇതോടെയാണ് സർക്കാർ ഇടപെടൽ വേഗത്തിലാക്കിയത്.

അതേസമയം, ഭരണകൂടത്തിനുള്ളിൽ തന്നെ ഈ നീക്കത്തിനെതിരെ ഭിന്നത ഉയർന്നിട്ടുണ്ട്. വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് പദ്ധതിയെ പിന്തുണയ്ക്കുമ്പോൾ, ഗതാഗത സെക്രട്ടറി സീൻ ഡഫി ഇതിനെ എതിർക്കുന്നു. പരാജയപ്പെട്ട ഒരു സ്വകാര്യ കമ്പനിയെ സർക്കാർ പണം ഉപയോഗിച്ച് രക്ഷിക്കുന്നത് ഭാവിയിൽ രാഷ്ട്രീയ പ്രതിസന്ധികൾക്ക് കാരണമാകുമെന്നാണ് ഡഫിയുടെ വാദം. കടക്കാരുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ രക്ഷാപാക്കേജിൽ അന്തിമ തീരുമാനമുണ്ടാകൂ.

Trump administration considering invoking defense law to save Spirit Airlines

More Stories from this section

family-dental
witywide