
വാഷിംഗ്ടൺ/ടെൽ അവീവ്: വൈറ്റ് ഹൗസിൽ വെച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നടത്തുന്ന നിർണ്ണായക കൂടിക്കാഴ്ചയിൽ, ട്രംപിനെ സ്വാധീനിക്കാനുള്ള തങ്ങളുടെ ശേഷി തെളിയിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വലിയ സമ്മർദ്ദം നേരിടേണ്ടി വരുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ദ്ധർ. ഇറാനെതിരായ യുദ്ധവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളിൽ ഇസ്രായേൽ തഴയപ്പെടുന്നതായി ഇസ്രായേൽ ജനതയ്ക്ക് തോന്നലുണ്ടെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ അന്താരാഷ്ട്ര പഠന വിഭാഗം ലക്ചററായ റോബ് ഗീസ്റ്റ് പിൻഫോൾഡ് അൽ ജസീറയോട് പറഞ്ഞു.
യുദ്ധം എന്ന് തുടങ്ങണം, എന്ന് അവസാനിപ്പിക്കണം, ഏതൊക്കെ ലക്ഷ്യങ്ങളിൽ ആക്രമണം നടത്തണം തുടങ്ങിയ കാര്യങ്ങളിൽ വിചാരിച്ചതുപോലൊരു സ്വാതന്ത്ര്യം ഇസ്രായേലിന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വിലയിരുത്തി. മുൻപ് ലെബനനിലെ സൈനിക നീക്കങ്ങളിൽ നിന്ന് പിൻവാങ്ങാൻ അമേരിക്ക ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇസ്രായേൽ പൂർണ്ണമായും പിന്മാറിയിട്ടില്ലെങ്കിലും, അവിടെ തങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം ഗണ്യമായി പരിമിതപ്പെടുത്തപ്പെട്ടതായി ഇസ്രായേൽ നേതൃത്വം കരുതുന്നു.
ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക കൂടെയുള്ളത് ഇസ്രായേലിന് നയതന്ത്ര പരിരക്ഷയും വലിയ തോതിലുള്ള സൈനിക മേൽക്കോയ്മയും നൽകുന്നുണ്ടെന്നത് സത്യമാണ്. എന്നാൽ അതേ സമയം തങ്ങളുടെ തീരുമാനങ്ങളിലെയും നടപടികളിലെയും സ്വയംഭരണാധികാരത്തെ ഈ പങ്കാളിത്തം തടസ്സപ്പെടുത്തുന്നുണ്ടെന്നതാണ് ഈ കൂട്ടുകെട്ടിന്റെ മറുപുറമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















