
അമേരിക്കയിൽ സർക്കാർ ഭവനസഹായം ലഭിക്കുന്നതിന് പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കി ട്രംപ് ഭരണകൂടം. യുഎസ് പൗരന്മാരാണെന്ന് അവകാശപ്പെടുന്നവർ സഹായത്തിന് അപേക്ഷിക്കുമ്പോൾ പൗരത്വം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന് ഭവന, നഗരവികസന വകുപ്പ് (HUD) സെക്രട്ടറി സ്കോട്ട് ടർണർ വെള്ളിയാഴ്ച അറിയിച്ചു. ഇതുവരെ സ്വയം പ്രഖ്യാപനത്തിലൂടെ പൗരത്വം തെളിയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പുതിയ ചട്ടപ്രകാരം യുഎസ് ജനന സർട്ടിഫിക്കറ്റ്, പൗരത്വ സർട്ടിഫിക്കറ്റ്, സാധുവായ യുഎസ് പാസ്പോർട്ട് തുടങ്ങിയ രേഖകൾ സമർപ്പിക്കണം. രേഖകളില്ലാതെ പൗരത്വം അവകാശപ്പെട്ട് സർക്കാർ ഭവനസഹായം നേടാനുള്ള സാഹചര്യം തടയുകയാണ് ലക്ഷ്യമെന്ന് വകുപ്പ് വ്യക്തമാക്കി.
നവംബർ 12ന് ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച ചട്ടം 2026 ഡിസംബർ 14ന് പ്രാബല്യത്തിൽ വരും. 1980ലെ ഹൗസിങ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് നിയമത്തിലെ സെക്ഷൻ 214 വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പൊതുഭവന പദ്ധതികൾക്കും സെക്ഷൻ 8 വാടകസഹായം ഉൾപ്പെടെയുള്ള ഫെഡറൽ ഭവനപദ്ധതികൾക്കും പുതിയ നിബന്ധന ബാധകമാണ്. പ്രായഭേദമന്യേ ചട്ടത്തിന്റെ പരിധിയിൽ വരുന്ന എല്ലാ കുടുംബാംഗങ്ങളും യുഎസ് പൗരത്വമോ അർഹമായ കുടിയേറ്റ പദവിയോ തെളിയിക്കണം.
പൗരത്വം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ്, പൗരത്വ സർട്ടിഫിക്കറ്റ്, യുഎസ് പാസ്പോർട്ട്, വിദേശത്ത് ജനിച്ച യുഎസ് പൗരന്മാർക്കുള്ള കോൺസുലർ ജനന റിപ്പോർട്ട് എന്നിവ സ്വീകരിക്കും. കുടുംബത്തിലെ ചിലർക്ക് മാത്രമാണ് ഭവനസഹായത്തിന് അർഹതയുള്ളതെങ്കിൽ, ആനുപാതികമായി സഹായം അനുവദിക്കുന്ന നിലവിലെ രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരുടെയും അർഹത പരിശോധിക്കുന്നതുവരെ മാത്രമായിരിക്കും ഇനി ഇത്തരം സഹായം ലഭിക്കുക. പരിശോധന അനിശ്ചിതമായി നീളുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.62 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് ചില രേഖാപരിശോധനകളിൽ നൽകിയിരുന്ന പ്രായാധിഷ്ഠിത ഇളവും പുതിയ ചട്ടം ഒഴിവാക്കുന്നു.
ഭവനവകുപ്പും ആഭ്യന്തര സുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ സർക്കാർ സഹായം ലഭിക്കുന്ന കുടുംബങ്ങളിലെ ഏകദേശം രണ്ട് ലക്ഷം പേരുടെ അർഹത സംബന്ധിച്ച രേഖകൾ അപൂർണമാണെന്നോ വിവരങ്ങൾ ലഭ്യമല്ലെന്നോ കണ്ടെത്തിയതായി HUD അറിയിച്ചു. രേഖാപരിശോധന കർശനമാക്കാനുള്ള കാരണങ്ങളിലൊന്നായി വകുപ്പ് ഈ കണ്ടെത്തൽ ചൂണ്ടിക്കാട്ടി. പുതിയ ചട്ടം പ്രാബല്യത്തിൽ വന്നശേഷം രേഖകൾ സമർപ്പിക്കാൻ മിശ്ര കുടിയേറ്റ പദവിയുള്ള കുടുംബങ്ങൾക്ക് 90 ദിവസം അനുവദിക്കും. പ്രത്യേക സാഹചര്യങ്ങളിൽ 60 ദിവസം കൂടി നീട്ടിനൽകാം. അതായത് പരമാവധി 150 ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കണം.
ഭവനസഹായം നിഷേധിക്കുകയോ നിർത്തലാക്കുകയോ ചെയ്യുന്നതിന് മുമ്പ് രേഖകളിലെ പിഴവുകൾ തിരുത്താനും പരിശോധനാഫലത്തെ ചോദ്യം ചെയ്യാനും വ്യക്തികൾക്ക് അവസരമുണ്ടാകുമെന്നും HUD വ്യക്തമാക്കി. അർഹരായ കുടുംബങ്ങൾക്ക് മാത്രമേ ഫെഡറൽ ഭവനസഹായം ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് മാറ്റങ്ങളെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ നിലവിൽ സഹായം ലഭിക്കുന്ന കുടുംബങ്ങൾക്കും അധിക രേഖകൾ സമർപ്പിക്കേണ്ടിവരും.
Trump administration makes proof of citizenship mandatory for housing assistance in the US










