ഔട്ട്ലുക്ക് ഇമെയിൽ സേവനത്തിലുണ്ടായ തകരാറിനെ പരിഹസിച്ച് മൈക്രോസോഫ്റ്റിനെതിരെ പരാമർശവുമായി യുഎസ് തൊഴിൽവകുപ്പ് ഇൻസ്പെക്ടർ ജനറൽ ആന്തണി ഡി’എസ്പോസിറ്റോ. 6,000 എച്ച്-1ബി അപേക്ഷകൾ കൈകാര്യം ചെയ്യാൻ മൈക്രോസോഫ്റ്റിന് കഴിയുമ്പോഴും ഉപയോക്താക്കളുടെ ഇമെയിൽ ഇൻബോക്സ് പ്രവർത്തനക്ഷമമാക്കാൻ കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
‘ഔട്ട്ലുക്ക് തിരിച്ചെത്തി. 6,000 എച്ച്-1ബി അപേക്ഷകൾ കൈകാര്യം ചെയ്യാൻ മൈക്രോസോഫ്റ്റിന് കഴിയും. എന്നാൽ നിങ്ങളുടെ ഇൻബോക്സ് കൈകാര്യം ചെയ്യുന്നത് അതിനേക്കാൾ ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് തോന്നുന്നു’ എന്നായിരുന്നു എക്സിലെ അദ്ദേഹത്തിന്റെ കുറിപ്പ്.
നവംബർ 12നാണ് ഔട്ട്ലുക്ക്, ടീംസ്, കോപൈലറ്റ് ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് 365 സേവനങ്ങളിൽ വ്യാപകമായ സാങ്കേതിക തകരാറുണ്ടായത്. വിവിധ രാജ്യങ്ങളിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും ഇത് തിരിച്ചടിയായി. ഇമെയിൽ തുറക്കാനും സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിക്കാനും ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഔട്ട്ലുക്ക് ഉപയോഗിക്കുന്നതിൽ പ്രശ്നം നേരിട്ടതായി ഏകദേശം 1.30 ലക്ഷം പേർ ഡൗൺഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്തതായി അസോസിയേറ്റഡ് പ്രസ് വ്യക്തമാക്കി. ടീംസ്, കോപൈലറ്റ് സേവനങ്ങളിലും ആയിരക്കണക്കിന് പരാതികൾ ഉയർന്നു..മൈക്രോസോഫ്റ്റിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ചിലത് അമിതമായ പ്രവർത്തനഭാരം നേരിട്ടതായും ഓട്ടോമാറ്റിക് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് നിരവധി സെർവറുകൾ അപ്രതീക്ഷിതമായി പ്രവർത്തനരഹിതമായതായും കമ്പനി അറിയിച്ചു. തകരാറിലായ സെർവറുകൾ പുനഃസ്ഥാപിക്കാനും സേവനങ്ങൾ സാധാരണ നിലയിലാക്കാനും നടപടികൾ ആരംഭിച്ചു.
12 മണിക്കൂറിലേറെ നീണ്ട തകരാർ വിവിധ രാജ്യങ്ങളിലെ കമ്പനികളെയും സർക്കാർ സ്ഥാപനങ്ങളെയും ബാധിച്ചതായി നവംബർ 13ലെ റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഓപ്പൺഎഐ, ആന്ത്രോപിക് എന്നിവയുടെ എഐ സേവനങ്ങളുമായുള്ള ബന്ധത്തെയും മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് സംവിധാനത്തെയും തകരാർ ബാധിച്ചു. തകരാറിലായ സെർവറുകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും സേവനങ്ങൾ ക്രമേണ സാധാരണ നിലയിലാകുകയാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
എന്നാൽ പുനഃസ്ഥാപിച്ച ചില സെർവറുകൾ വീണ്ടും പ്രവർത്തനരഹിതമായതോടെ തിരിച്ചടി നേരിട്ടു. വെള്ളിയാഴ്ചയോടെ സേവനങ്ങളുടെ സ്ഥിരതയും ശേഷിയും മെച്ചപ്പെട്ടതായും ഇമെയിൽ സന്ദേശങ്ങളുടെ കൈമാറ്റം സാധാരണ നിലയിലേക്ക് അടുക്കുന്നതായും കമ്പനി വ്യക്തമാക്കി. എങ്കിലും ചില ഉപയോക്താക്കൾക്ക് ഇടയ്ക്കിടെ പ്രവേശന തടസ്സവും സന്ദേശങ്ങൾ വൈകിയെത്തുന്ന പ്രശ്നവും തുടരുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
Trump administration targets Microsoft with H-1B remark amid Outlook outage









