യുഎസിലെ വിമാന നിയന്ത്രണത്തിന് കാരണം സൈബർ ആക്രമണമല്ല; പഴയ വ്യോമഗതാഗത സംവിധാനമെന്ന് ട്രംപ്

അമേരിക്കയിൽ രാജ്യവ്യാപകമായി വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് കാരണം സൈബർ ആക്രമണമോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ ആണെന്നതിന് സൂചനകളില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാലപ്പഴക്കം ചെന്ന വ്യോമഗതാഗത സംവിധാനത്തിലെ തകരാറാകാം പ്രതിസന്ധിക്ക് കാരണമെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയിലുണ്ടായ തകരാറിനെ തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ) രാജ്യത്തുടനീളം വിമാനങ്ങളുടെ പുറപ്പെടൽ നിർത്തിവച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

വ്യോമഗതാഗത സംവിധാനം നവീകരിക്കാൻ ഭരണകൂടം ശ്രമിച്ചുവരികയാണെന്നും എന്നാൽ പഴയതും തകരാറിലായതുമായ ഉപകരണങ്ങളാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു.സൈബർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെന്നും ലഭ്യമായ വിവരങ്ങൾ പ്രകാരം അത്തരമൊരു സാധ്യത കുറവാണെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയ്ക്കുനേരെ ആക്രമണമുണ്ടായതായി സൂചനകളില്ലെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിനും പറഞ്ഞു.

എന്നാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഒരു സാധ്യതയും തള്ളിക്കളയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.‘ഇതൊരു ആസൂത്രിത ആക്രമണമാണെന്നതിന് നിലവിൽ സൂചനകളില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലെ തകരാർ മാത്രമാണിത്’ – ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് മുള്ളിൻ പറഞ്ഞു. ഈ സംഭവത്തെ സെപ്റ്റംബർ 11 ഭീകരാക്രമണവുമായി താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാക്കർമാരുടെ ഇടപെടലുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നായിരുന്നു മറുപടി.വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളെയും പൊതുസേവനങ്ങളെയും ബാധിച്ച മൈക്രോസോഫ്റ്റിന്റെ ആഗോള തകരാറുമായി വിമാനഗതാഗത പ്രതിസന്ധിക്ക് ബന്ധമില്ലെന്നും മുള്ളിൻ വ്യക്തമാക്കി. രണ്ടും വ്യത്യസ്ത സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.കാലപ്പഴക്കം ചെന്ന വ്യോമഗതാഗത നിയന്ത്രണ സംവിധാനം നവീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവത്തോടെ വീണ്ടും ചർച്ചയായത്.

പഴയ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും വർധിച്ചുവരുന്ന വിമാനഗതാഗതവും നിലവിലെ സംവിധാനത്തിന് വെല്ലുവിളിയാകുന്നുണ്ട്.പുതിയ സാങ്കേതികവിദ്യകൾ പഴയ സംവിധാനത്തിലേക്ക് കൂട്ടിച്ചേർത്തത് അമിതഭാരമുണ്ടാക്കിയെന്നും സമഗ്ര നവീകരണത്തിന് 50 ബില്യൺ ഡോളർ വേണ്ടിവരുമെന്നും മുള്ളിൻ പറഞ്ഞു. അമേരിക്കയുടെ വ്യോമഗതാഗത നിയന്ത്രണ സംവിധാനം വളരെ പഴക്കമുള്ളതാണെന്നും ഡാറ്റയുടെ അമിതമായ ഒഴുക്ക് താങ്ങാനാകാതെ അനലോഗ് സംവിധാനം തകരാറിലായതാണെന്നും ഗതാഗത സെക്രട്ടറി സീൻ ഡഫി പറഞ്ഞു. അടിയന്തര സാഹചര്യമാണിതെന്നും നവീകരണത്തിനായി കോൺഗ്രസ് അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Trump says ageing aviation system likely behind FAA ground stop, not cyberattack

More Stories from this section

family-dental
witywide