ട്രംപിൻ്റെയും മസ്‌കിൻ്റെയും വൻ ഐഡിയ, കുറയ്ക്കാൻ നോക്കി ചെലവ് കുത്തനെകൂടി! ഫെഡറൽ ജീവനക്കാരുടെ ശമ്പളത്തോടുകൂടിയ അവധിയുടെ കണക്കുകൾ പുറത്ത്

വാഷിംഗ്ടൺ: സർക്കാരിന്റെ വലിപ്പം കുറയ്ക്കാനും നികുതിദായകരുടെ പണം ലാഭിക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം ഫെഡറൽ ജീവനക്കാരുടെ ശമ്പളത്തോടുകൂടിയ അവധിക്കായി ട്രംപ് ഭരണകൂടം 9.5 ബില്യൺ ഡോളർ ചെലവഴിച്ചതായി കോൺഗ്രഷണൽ വാച്ച്ഡോഗിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് (GAO) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2023 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പണമടച്ചുള്ള അവധി ശമ്പളച്ചെലവിൽ ആറിരട്ടിയാണ് വർദ്ധനവുണ്ടായിരിക്കുന്നത്.

ശതകോടീശ്വരനായ എലോൺ മസ്ക് മുൻകൈയെടുത്ത് രൂപീകരിച്ച ഡോജ് മുന്നോട്ടുവെച്ച വിവാദപരമായ ഡെഫേർഡ് റെസിഗ്നേഷൻ പ്രോഗ്രാം ആണ് ഫെഡറൽ ഏജൻസികളിൽ ഈ ചെലവ് കുത്തനെ ഉയരാൻ കാരണം. ഈ നടപടിയിലൂടെ നികുതിദായകരുടെ കോടിക്കണക്കിന് ഡോളർ ലാഭിക്കാൻ സാധിക്കുമെന്ന് ഭരണകൂട ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ടേമിന്റെ ആരംഭത്തിൽ അവതരിപ്പിച്ച ഈ പദ്ധതി പ്രകാരം ഫെഡറൽ ജീവനക്കാർക്ക് ജോലി ചെയ്യാതെ തന്നെ മാസങ്ങളോളം ശമ്പളത്തോടെ അവധി എടുത്തു രാജി വെക്കാൻ അനുവാദം നൽകിയിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഫെഡറൽ ഉദ്യോഗസ്ഥരിലെ മാറ്റങ്ങൾ വ്യക്തമാവുകയും കൂടുതൽ ജീവനക്കാർ തങ്ങളുടെ ജോലിയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്തതോടെ പിന്നീടുള്ള മാസങ്ങളിൽ ഈ പദ്ധതി കൂടുതൽ ജനപ്രിയമായി മാറി.

ഈ പദ്ധതിയുടെ ഭാഗമായി 1,44,000-ത്തിലധികം ജീവനക്കാരെ അവധിയിൽ പ്രവേശിപ്പിക്കുകയും, ഇതിനായി ഏകദേശം 6.7 ബില്യൺ ഡോളർ ചെലവഴിച്ചതായും ജിഎഒ (GAO) കണക്കാക്കുന്നു. എന്നാൽ ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ശമ്പളത്തോടുകൂടിയ അവധിയുടെ യഥാർത്ഥ ചെലവ് യുഎസ് ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റിന് (OPM) കൃത്യമായി അറിയാൻ കഴിയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഏജൻസികൾ നൽകിയ ഡാറ്റയിലെ പരിമിതികൾ കാരണം ഈ കണക്കുകൾ പെരുപ്പിച്ചു കാട്ടിയതാകാം എന്നും ഇതിൽ പറയുന്നുണ്ട്. കൂടാതെ, ഡാറ്റാ പ്രശ്നങ്ങൾ കാരണം ദീർഘകാല ലാഭ ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ ഒപിഎമ്മിന് കഴിഞ്ഞേക്കില്ലെന്നും ജിഎഒ കൂട്ടിച്ചേർത്തു.

അതേസമയം, ഫെഡറൽ സർക്കാരിന്റെ വലിപ്പം 2,70,000 ജീവനക്കാരുടെ കുറവിലൂടെ ലഘൂകരിക്കുന്നതിനുള്ള ഒറ്റത്തവണ ചെലവും (9.5 ബില്യൺ ഡോളർ) ഈ കുറവിലൂടെ നികുതിദായകരുടെ പണത്തിൽ നിന്ന് പ്രതിവർഷം ലഭിക്കുന്ന 40 ബില്യൺ ഡോളറിന്റെ ലാഭവും തമ്മിലുള്ള വ്യത്യാസം എടുത്തുപറയുന്നതിൽ ജിഎഒ റിപ്പോർട്ട് പരാജയപ്പെട്ടുവെന്ന് ഒപിഎം വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide