
വാഷിംഗ്ടൺ: തന്‍റെ പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറെടുക്കുന്ന ഇറാൻ ഭരണകൂടത്തോട് എട്ട് വനിതാ തടവുകാരെ മോചിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം ഈ സുപ്രധാന സന്ദേശം പങ്കുവെച്ചത്. എട്ട് സ്ത്രീകളുടെ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, ഇവരെ മോചിപ്പിക്കുന്നത് വരാനിരിക്കുന്ന ചർച്ചകൾക്ക് വലിയൊരു തുടക്കമാകുമെന്ന് അദ്ദേഹം കുറിച്ചു.”എന്റെ പ്രതിനിധികളുമായി ഉടൻ ചർച്ചകളിൽ ഏർപ്പെടാനിരിക്കുന്ന ഇറാൻ നേതാക്കളോട്: ഈ എട്ട് സ്ത്രീകളെ വിട്ടയക്കുന്നത് ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. നിങ്ങളുടെ ഈ നടപടിയെ അവർ ബഹുമാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദയവായി അവർക്ക് ഒരു ഉപദ്രവവും വരുത്തരുത്. ഇത് നമ്മുടെ ചർച്ചകൾക്ക് ഒരു മികച്ച തുടക്കമായിരിക്കും!” ട്രംപ് തന്റെ കുറിപ്പിൽ വ്യക്തമാക്കി.
ട്രംപ് പങ്കുവെച്ച ചിത്രങ്ങളിൽ ഒന്ന് 2026 ജനുവരിയിൽ ടെഹ്‌റാനിൽ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിത ഹെമ്മതി എന്ന വനിതാ പ്രതിഷേധക്കാരിയുടേതാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.മറ്റ് ഏഴ് സ്ത്രീകളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ വ്യക്തമല്ലെങ്കിലും, ഇറാനിൽ പ്രതിഷേധക്കാരെ ജയിലിലടയ്ക്കുന്നതിനെയും വധശിക്ഷയ്ക്ക് വിധേയരാക്കുന്നതിനെയും ട്രംപ് നേരത്തെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
ഇറാൻ-അമേരിക്കൻ നയതന്ത്ര ബന്ധങ്ങൾ ഏറ്റവും വഷളായ നിലയിലാണെങ്കിലും, പുതിയ ചർച്ചകൾക്ക് വഴിതുറക്കാൻ ഇത്തരമൊരു മനുഷ്യത്വപരമായ നീക്കം ഇറാൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കൻ ഭരണകൂടം നൽകുന്ന ഈ അഭ്യർത്ഥനയോട് ഇറാൻ നേതൃത്വം എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും വരാനിരിക്കുന്ന ചർച്ചകളുടെ ഭാവി.















