ട്രംപ് പ്രശംസിച്ച ഫ്രീഡം ഫ്യൂവലിനെതിരെ കേസ്; 40 ലക്ഷം ഡോളറിന്റെ ഇന്ധന ബിൽ കുടിശ്ശികയെന്ന് ആരോപണം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ച ഡിസ്കൗണ്ട് പെട്രോൾ പമ്പ് ശൃംഖലയായ ഫ്രീഡം ഫ്യൂവൽ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട കമ്പനിക്കെതിരെ40 ലക്ഷം ഡോളറിന്റെ ഇന്ധന ബിൽ അടയ്ക്കാത്തതിന് കേസ്. ഫ്രീഡം ഫ്യൂവൽ സ്റ്റേഷനുകളിലേക്ക് വിതരണം ചെയ്ത പെട്രോളിന്റെ തുക ലഭിച്ചില്ലെന്ന് ആരോപിച്ച് ഇന്ധന വിതരണ കമ്പനിയായ മാൻസ്ഫീൽഡ് ഓയിൽ കോടതിയെ സമീപിച്ചു.

ജോർജിയ ആസ്ഥാനമായ മാൻസ്ഫീൽഡ് ഓയിൽ കമ്പനി ഓഗസ്റ്റ് 19ന് പെൻസിൽവാനിയ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് യുഎസ് ജില്ലാ കോടതിയിലാണ് കേസ് നൽകിയത്. ഫ്രീഡം ഫ്യൂവലിനായി പെട്രോൾ വാങ്ങിയ കെആർഎസ്എം (KRSM) എന്ന കമ്പനിയാണ് തുക നൽകാത്തതെന്നാണ് പരാതി. കുറഞ്ഞത് 10 ഫ്രീഡം ഫ്യൂവൽ സ്റ്റേഷനുകളിലേക്ക് 11.2 ലക്ഷം ഗാലൻ പെട്രോൾ വിതരണം ചെയ്തതായാണ് മാൻസ്ഫീൽഡ് ഓയിൽ അറിയിച്ചത്. അവസാന വിതരണം നടന്ന് അഞ്ച് ആഴ്ച പിന്നിട്ടിട്ടും 40 ലക്ഷം ഡോളറിന്റെ കുടിശ്ശികയിൽ ഒരു ഡോളർ പോലും കെആർഎസ്എം അടച്ചിട്ടില്ലെന്ന് കമ്പനിയുടെ അഭിഭാഷകൻ ഉർസ് ബ്രോഡറിക് ഫ്യൂറർ പറഞ്ഞു.

കെആർഎസ്എമ്മിനെയും കമ്പനി പ്രസിഡന്റ് സയ്യിദ് കാസ്മിയെയുമാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്. അതേസമയം, ഫ്രീഡം ഫ്യൂവൽ നെറ്റ്‌വർക്കിനെ കേസിൽ പ്രതിചേർത്തിട്ടില്ല. ആരോപണങ്ങൾ നിഷേധിച്ച കെആർഎസ്എം, തെറ്റായി വില രേഖപ്പെടുത്തിയ ഇന്ധന ഇൻവോയിസുകളെച്ചൊല്ലിയുള്ള അക്കൗണ്ടിങ് തർക്കമാണിതെന്നും കേസ് നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി. ജൂലൈ നാലിലെ അമേരിക്കൻ സ്വാതന്ത്ര്യദിന അവധിക്കാലത്ത് ഫിലഡൽഫിയ മേഖലയിലെ ഫ്രീഡം ഫ്യൂവൽ സ്റ്റേഷനുകളിൽ ഗാലന് 3.48 ഡോളർ നിരക്കിൽ പെട്രോൾ വിറ്റതോടെയാണ് ശൃംഖല ശ്രദ്ധ നേടിയത്. അന്ന് പെൻസിൽവാനിയയിലെ ശരാശരി വില ഗാലന് 3.99 ഡോളറായിരുന്നു.

മറ്റ് പമ്പുകളേക്കാൾ കുറഞ്ഞ വിലയ്ക്ക് പെട്രോൾ വിൽക്കുന്നതിനെ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രശംസിച്ചിരുന്നു. ഫ്രീഡം ഫ്യൂവൽ “മുന്നിൽ നിന്ന് നയിക്കുകയാണെന്നും മറ്റുള്ളവർ അതിനെ പിന്തുടരണമെന്നും” അദ്ദേഹം കുറിച്ചു. അതേസമയം, പിന്നീട് ഫ്രീഡം ഫ്യൂവലിലും പെട്രോൾ വില ഉയർന്നു. ഫിലഡൽഫിയ പ്രാന്തപ്രദേശങ്ങളിലെ ചില സ്റ്റേഷനുകളിൽ ഗാലന് ഏകദേശം 3.99 ഡോളറാണ് നിലവിലെ വില. രാജ്യത്തെ ശരാശരി പെട്രോൾ വില 4.08 ഡോളറും പെൻസിൽവാനിയയിലെ ശരാശരി വില 4.22 ഡോളറുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ട്രംപ് ഭരണകൂടത്തിനും ഫ്രീഡം ഫ്യൂവലിനും യാതൊരു ബന്ധവുമില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സർക്കാർ ധനസഹായമോ സബ്സിഡിയോ കമ്പനിക്ക് നൽകിയിട്ടില്ലെന്നും, ഉപഭോക്താക്കൾക്ക് കുറഞ്ഞ വില ഉറപ്പാക്കുന്നതിനായി കമ്പനി സ്വന്തം ലാഭവിഹിതം കുറയ്ക്കുകയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

Trump-backed Freedom Fuel chain faces lawsuit over $4 million unpaid gas bill

More Stories from this section

family-dental
witywide