ഇറാന് ഉപരോധ ഇളവ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ട്രംപ്; ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന് യാതൊരു വാഗ്ദാനവും നൽകിയിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ‘വ്യക്തമായ’ നടപടികൾ സ്വീകരിച്ചാൽ ഉപരോധങ്ങളിൽ ഇളവ് നൽകാനും മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകാനും ട്രംപ് തയ്യാറാണെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. ‘‘ഇത് ശരിയല്ല. ഞാൻ അവർക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല,’’ എന്ന് ട്രംപ് തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അന്തിമ കരാറിന്റെ ഭാഗമായി ഇറാന് ഉപരോധ ഇളവ് നൽകാനും മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകാനും ട്രംപ് തയ്യാറാണെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസും സിഎൻഎന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇറാന്റെ ആണവപദ്ധതിയിൽ ‘വ്യക്തമായ പുരോഗതി’ ഉണ്ടാകണമെന്ന വ്യവസ്ഥയോടെയായിരിക്കും ഇളവുകളെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന് അയൽരാജ്യങ്ങളെ ആക്രമിക്കാനുള്ള ശേഷി ഇല്ലാതാക്കുക, രാജ്യത്തെ നിലവിലെ നേതൃത്വത്തെ പുറത്താക്കാനുള്ള സാഹചര്യം ഇറാനിൽ സൃഷ്ടിക്കുക എന്നിവയും ലക്ഷ്യങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇറാന് ആണവായുധങ്ങളില്ല. അവ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രാജ്യത്തിനകത്ത് ആണവോർജ ശേഷി വികസിപ്പിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നാണ് ഇറാന്റെ നിലപാട്. ആണവപദ്ധതിയുൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് ഇറാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. എന്നാൽ ‘ഭീഷണിപ്പെടുത്തലോ സമ്മർദമോ’ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎസിന്റെ ‘ഫേസ് ദ നേഷൻ’ പരിപാടിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ സമ്മർദം, ഭീഷണി, ആക്രമണം എന്നിവയിൽനിന്ന് സ്വയം പ്രതിരോധിക്കുമെന്നും ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് നേരത്തെ തന്നെ ധാരണയിലെത്തിയിട്ടുണ്ടെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു. ഏഴ് മാസം നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ ശ്രമങ്ങളുടെ ഭാഗമായി യുഎസിലെയും ഇറാനിലെയും ഉദ്യോഗസ്ഥർ തിങ്കളാഴ്ച മധ്യസ്ഥരുമായി പ്രത്യേകം ചർച്ച നടത്തിയതായി ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അറിയിച്ചു.

യുഎസുമായും ഇസ്രയേലുമായുമുള്ള സംഘർഷത്തിന് നയതന്ത്രത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂവെന്ന് ഇറാൻ ഞായറാഴ്ചയും ആവർത്തിച്ചിരുന്നു. ഞങ്ങളുടെ നിബന്ധനകൾ വ്യക്തമാണ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഏത് നീക്കവും ഈ നിബന്ധനകൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കും. ഈ പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കാൻ ചർച്ചയിലൂടെ ഉണ്ടാകുന്ന പരിഹാരത്തിന് മാത്രമേ കഴിയൂവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി സമൂഹമാധ്യമത്തിൽ കുറിച്ചു.

വെള്ളിയാഴ്ച യുഎന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, നിർദേശിച്ച കരാർ പ്രകാരം ഏഴ് ദിവസത്തെ കൗണ്ട്ഡൗണിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കുകയും മേഖലയിൽ പോരാട്ടം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് അറാഖ്ചി പറഞ്ഞിരുന്നു. എന്നാൽ ശനിയാഴ്ച ട്രംപ് ഈ നിർദേശം തള്ളുകയും പ്രധാന ജലപാത സംബന്ധിച്ച് കരാറിലെത്താൻ ഇറാൻ നടത്തുന്ന നീക്കത്തിന് പിന്നിൽ അവരുടെ കടുത്ത പ്രതിസന്ധിയാണെന്ന് ആരോപിക്കുകയും ചെയ്തു.

‘‘അവർക്ക് ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുന്നതിനായി ഒരു കരാറിലെത്തണം. കാരണം അവർ വലിയ തോതിൽ പരാജയപ്പെടുകയാണ്,’’ എന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. എന്നാൽ, ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നവർ യുഎസിന്റെ നിരാകരണം ഔദ്യോഗികമായി ഇറാനെ അറിയിച്ചിട്ടില്ലെന്നും മധ്യസ്ഥർ അന്തിമ നിലപാട് ഞങ്ങളെ അറിയിക്കുന്നതിനായി കാത്തിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഞങ്ങൾ തീരുമാനമെടുക്കുക എന്നും അറാഖ്ചി സമൂഹമാധ്യമത്തിൽ കുറിച്ചു.

Trump denies offering Iran sanctions relief, Tehran says ready for talks

More Stories from this section

family-dental
witywide