സംസ്ഥാനത്തെ 38 തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ട് എംഎൽഎമാരുടെ സിറ്റിങ് വാർഡുകൾ നഷ്ടപ്പെട്ടത് കോൺഗ്രസിനും യുഡിഎഫിനും വലിയ തിരിച്ചടിയായി. മൊത്തം 38 വാർഡുകളിൽ എട്ടെണ്ണം എംഎൽഎമാർ ഒഴിഞ്ഞ വാർഡുകളായിരുന്നു. ഇതിൽ ഏഴ് സീറ്റുകൾ യുഡിഎഫ് സിറ്റിങ് എംഎൽഎമാരുടേതും ഒന്ന് സിപിഎം സിറ്റിങ് എംഎൽഎയുടേതുമായിരുന്നു. എന്നാൽ അധികാരത്തിലേറി മാസങ്ങൾ പിന്നിടുംമുമ്പേ ഇതിൽ രണ്ട് സിറ്റിങ് വാർഡുകൾ യുഡിഎഫിന് നഷ്ടമായി.
ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ ജയിച്ച ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് വാർഡും ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ് പ്രതിനിധാനം ചെയ്തിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനുമാണ് യുഡിഎഫിന് കൈവിട്ടുപോയത്. ചിറ്റൂരിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ടുകൾ വന്നതോടെ നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് വിജയിച്ചത്. തൃക്കൊടിത്താനം ഡിവിഷനിൽ 2,140 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎമ്മിലെ മഞ്ജു സുജിത്ത് സീറ്റ് പിടിച്ചെടുത്തു. രണ്ടിടത്തെ തോൽവിക്ക് പുറമെ ജയിച്ച അഞ്ചു വാർഡുകളിലും 2025-നേക്കാൾ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാർഥികൾക്ക് കുറഞ്ഞു.
അതേസമയം ആലത്തൂർ എംഎൽഎ ടി.എം. ശശി രാജിവെച്ച ഒഴിവിലേക്ക് നടന്ന പാലക്കാട് ജില്ലാ പഞ്ചായത്ത് പല്ലശ്ശന ഡിവിഷനിൽ സിപിഎം മികച്ച വിജയം നേടി. സിപിഎമ്മിലെ വി. പൊന്നുക്കുട്ടൻ 10,596 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. 2025-ൽ ടി.എം. ശശിക്ക് ലഭിച്ച 7,085 വോട്ടിന്റെ ഭൂരിപക്ഷത്തേക്കാൾ വർധനവാണ് ഇത്തവണ എൽഡിഎഫിന് ഉണ്ടാക്കാൻ കഴിഞ്ഞത്.
ഇതിനുപുറമെ മാനന്തവാടി, അടൂർ, വാമനപുരം, തൃപ്പൂണിത്തുറ, പേരാമ്പ്ര എംഎൽഎമാരുടെ വാർഡുകളിൽ യുഡിഎഫ് വിജയം നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടായി. മാനന്തവാടി ബ്ലോക്കിലെ പള്ളിക്കൽ വാർഡിൽ ലീലാ ഗോവിന്ദൻ (331 വോട്ട് ഭൂരിപക്ഷം), അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി വാർഡിൽ അനില (112 വോട്ട്), തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷനിൽ അമി തിലക് (3,019 വോട്ട്), കൊച്ചി കോർപറേഷനിലെ അയ്യപ്പൻ കാവ് വാർഡിൽ അജിത് കുമാർ എ.കെ (549 വോട്ട്), കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡിൽ ലീഗിലെ ഫർസീന (436 വോട്ട്) എന്നിവരാണ് യുഡിഎഫിനായി ജയിച്ചത്.
മൊത്തത്തിൽ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 19 സീറ്റുകളിലും എൽഡിഎഫ് 18 സീറ്റുകളിലും വിജയിച്ചു. ഒരു വാർഡിൽ ട്വന്റി 20 തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിർത്തി. യുഡിഎഫിന്റെ 22-ഉം എൽഡിഎഫിന്റെ 15-ഉം സിറ്റിങ് സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നിരുന്നത്.
UDF Faces Setback in Local Body By-Elections; Loses Two Sitting Wards of MLAs













