ട്രംപിനെതിരെ റിപ്പബ്ലിക്കൻമാരിൽ നിന്ന് തന്നെ പ്രതിഷേധം? 1.8 ബില്യൺ ഡോളർ നഷ്ടപരിഹാര ഫണ്ട് പ്രതിസന്ധിയിൽ

വാഷിംഗ്ടൺ: സർക്കാർ ഏജൻസികളുടെ “അധികാര ദുരുപയോഗത്തിന്” ഇരയായവർക്കായി പ്രഖ്യാപിച്ച 1.8 ബില്യൺ ഡോളർ (ഏകദേശം 15,000 കോടി രൂപ) നഷ്ടപരിഹാര ഫണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിക്കാനോ പുനഃപരിശോധിക്കാനോ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റർമാരുടെ ശക്തമായ എതിർപ്പാണ് പദ്ധതിക്ക് തിരിച്ചടിയായിരിക്കുന്നത്.

അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പ്രകാരം, കോടതി ഉത്തരവിനെ തുടർന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് (DOJ) ഫണ്ട് താൽക്കാലികമായി മരവിപ്പിച്ചു. റിപ്പബ്ലിക്കൻ നേതാവും സെനറ്റ് ഭൂരിപക്ഷ നേതാവുമായ ജോൺ ത്യൂൺ, ഫണ്ട് പൂർണമായും അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ട്രംപ്, തന്റെ നികുതി രേഖകൾ കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചുവെന്നാരോപിച്ച് അമേരിക്കൻ നികുതി വകുപ്പായ IRS-നെതിരെ നൽകിയ 10 ബില്യൺ ഡോളറിന്റെ കേസുമായി ബന്ധപ്പെട്ട ഒത്തുതീർപ്പിന്റെ ഭാഗമായാണ് ഫണ്ട് രൂപീകരിക്കാനുള്ള തീരുമാനം ഉണ്ടായത്.

ഒത്തുതീർപ്പ് പ്രകാരം ഏകദേശം 1.776 ബില്യൺ ഡോളർ ഫണ്ട് സൃഷ്ടിച്ച് സർക്കാർ ഏജൻസികൾ അന്യായമായി ലക്ഷ്യമിട്ടുവെന്നോ മോശമായി പെരുമാറിയെന്നോ ആരോപിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാനായിരുന്നു പദ്ധതി. എന്നാൽ, 2021 ജനുവരി 6-ന് അമേരിക്കൻ ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്തവർക്കും ഈ ഫണ്ടിൽ നിന്ന് പണം ലഭിക്കുമോയെന്ന ആശങ്ക റിപ്പബ്ലിക്കൻ നേതാക്കൾക്കിടയിൽ ഉയർന്നു. ഇതോടെ പദ്ധതിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ശക്തമായി.

ചില വിമർശകർ ഈ ഫണ്ടിനെ “സ്ലഷ് ഫണ്ട്” എന്ന് വിശേഷിപ്പിക്കുകയും, നികുതിദായകരുടെ പണം രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് വിതരണം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ആരോപിച്ചു. കഴിഞ്ഞ ആഴ്ച വിർജീനിയയിലെയും ഫ്ലോറിഡയിലെയും ഫെഡറൽ കോടതികൾ ജൂൺ 12 വരെ ഫണ്ട് മരവിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. നിയമപരമായ തീരുമാനത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും DOJ കോടതി ഉത്തരവ് പാലിക്കുകയായിരുന്നു.ഫണ്ട് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെങ്കിലും അത് പൂർണമായും ഉപേക്ഷിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല. എന്നാൽ ട്രംപ് പദ്ധതി പുനഃപരിശോധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

“അവർ വ്യക്തമായി പറയണം. ഈ പദ്ധതി പൂർണമായും ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിക്കണം,” റിപ്പബ്ലിക്കൻ സെനറ്റർ ജിം ലാങ്ക്ഫോർഡ് പ്രതികരിച്ചു. അലാസ്കയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ലിസ മുർക്കോവ്സ്കിയും ഫണ്ട് പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, ഫണ്ട് മരവിപ്പിക്കേണ്ട സാഹചര്യം ട്രംപിന് അത്ര താൽപര്യമില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ മറ്റൊരു മാർഗമില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ട്രംപിനെതിരെ പരസ്യമായി നിലപാട് എടുക്കാൻ സാധാരണ മടിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ശക്തമായ എതിർപ്പ് ഉയരുന്നത് അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സംഭവവികാസമായാണ് വിലയിരുത്തപ്പെടുന്നത്.

Trump faces rebellion from Republicans? Massive $1.8 billion fund for victims of govt ‘weaponisation’ on hold

More Stories from this section

family-dental
witywide